ഉദ്യോഗസ്ഥർ രാഷ്ട്രീയക്കാരുടെ ചെരിപ്പ് ചുമക്കുന്നവര്‍ മാത്രം;അതിനുമാത്രമേ അവരെ അനുവദിക്കൂ: ഉമാഭാരതി

single-img
21 September 2021

രാഷ്ട്രീയക്കാരുടെ ചെരിപ്പ് ചുമക്കാന്‍ മാത്രമുള്ളവരാണ് ഉദ്യോഗസ്ഥരെന്ന് മുതിര്‍ന്ന ബി ജെ പി നേതാവും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ ഉമാഭാരതി. ഇന്നലെയായിരുന്നു ഉമാഭാരതിയുടെ വിവാദ പ്രസ്താവന പുറത്തുവന്നത്.

ഉമാഭാരതിയുടെ വാക്കുകള്‍ ഇങ്ങിനെ: ‘നമ്മുടെ നാട്ടില്‍ ഉദ്യോഗസ്ഥരാണ് രാഷ്ട്രീയക്കാരെ നിയന്ത്രിക്കുന്നതെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? ഒരിക്കലുമല്ല. കേന്ദ്രമന്ത്രിയായും മുഖ്യമന്ത്രിയായുമൊക്കെ 11 വര്‍ഷത്തെ പരിചയമുണ്ടെനിക്ക്.

ശരിയായ രീതിയിലെ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഉത്തരവുകള്‍ പാസാവുന്നത്. ഒരുതരത്തിലും ഉദ്യോഗസ്ഥര്‍ക്ക് അതില്‍ സ്വാധീനം ചെലുത്താനാവില്ല. അവര്‍ നമ്മുടെ ചെരിപ്പ് ചുമയ്ക്കുന്നവര്‍ മാത്രമാണ്. നമ്മള്‍ അതിനുമാത്രമേ അവരെ അനുവദിക്കൂ.നമ്മളാണ് അവര്‍ക്ക് ശമ്പളം കൊടുക്കുന്നത്. നമ്മളാണവരെ നിയമിക്കുന്നതും സ്ഥാനക്കയറ്റം നല്‍കുന്നതും.

അതുകൊണ്ടുതന്നെ നമ്മള്‍ വിചാരിച്ചാല്‍ അവരെ പുറത്താക്കാനും കഴിയും. ഉദ്യോഗസ്ഥരാണ് ഭരണക്രമം നിയന്ത്രിക്കുന്നതെന്ന് പറയുന്നത് അസംബന്ധമാണ്. അവര്‍ക്കൊരിക്കലുമതിന് കഴിയില്ല. നമ്മളവരെ രാഷ്ട്രീയത്തിനായി ഉപയോഗപ്പെടുത്തുന്നു എന്നതാണ് ശരി’.