സംസ്ഥാനത്ത് മതപരിവർത്തന നിരോധന നിയമം നടപ്പാക്കാൻ ആലോചിക്കുന്നു: കര്‍ണാടക ആഭ്യന്തര മന്ത്രി

single-img
21 September 2021

സംസ്ഥാനത്ത് മതപരിവർത്തന നിരോധന നിയമം നടപ്പാക്കാൻ ആലോചിക്കുന്നതായി കര്‍ണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര. കാര്യങ്ങള്‍ പഠിച്ചതിന് ശേഷം ബിൽ കൊണ്ടുവരുമെന്നും അദ്ദേഹം നിയമസഭയില്‍ ഇന്ന് വ്യക്തമാക്കി.

പ്രലോഭനത്തെ തുടർന്ന് തന്റെ അമ്മ ക്രിസ്ത്യൻ മതത്തിലേക്ക് മാറിയെന്ന് ഒരു ബിജെപി എംഎൽഎ നിയമസഭയിൽ വെളിപ്പെടുത്തിയതിന് പിന്നാലെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. ഇപ്പോള്‍ തന്നെ രാജ്യത്തെ ചില സംസ്ഥാനങ്ങളിൽ മതപരിവർത്തന നിരോധന നിയമമുണ്ടെന്നും കർണാടക സർക്കാറും നിയമത്തെക്കുറിച്ച് പഠിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഹൊസ്ദുർഗയിലെ എംഎൽഎ ഗൂളിഹട്ടി ശേഖറാണ് കര്‍ണാടകയില്‍ നിർബന്ധിത മതപരിവർത്തനം നടക്കുന്നുണ്ടെന്ന് ശൂന്യവേളയിൽ ആരോപിച്ചത്. തന്റെ അമ്മയെ പ്രലോഭിപ്പിച്ച് ക്രിസ്ത്യാനിയാക്കിയെന്നും അദ്ദേഹം ആരോപിച്ചു. ”എന്റെ അമ്മയെ മസ്തിഷ്‌ക പ്രക്ഷാളനത്തിലൂടെ മതപരിവർത്തനം നടത്തി. ഇപ്പോളവർ നെറ്റിയിൽ കുറിവരക്കുകയോ പൂജ ചെയ്യുകയോ ചെയ്യുന്നില്ല. ഫോണിലെ റിങ് ടോൺ പോലും ക്രിസ്ത്യൻ ഭക്തിഗാനമാണ്”-അദ്ദേഹം പറഞ്ഞു.