ശിവഗിരിയിലേക്കു പോരൂ, പ്രാർത്ഥിക്കാൻ വേണ്ടി നാം അവിടെ ഒരു പള്ളി പണിതു തരാം; ശ്രീ നാരായണ ഗുരുവിന്റെ വാക്കുകള്‍ പങ്കുവെച്ച് അശോകന്‍ ചരുവില്‍

single-img
21 September 2021

ഇന്ന് ശ്രീനാരായണ ഗുരുവിന്റെ 94-ാമത് മാഹാസമാധി ദിനത്തില്‍ വക്കം സുകുമാരന്റെ ലേഖനത്തില്‍ നിന്നുള്ള ഒരു ഭാഗം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ് സാഹിത്യകാരനായ അശോകന്‍ ചരുവില്‍. മതപരമായ വിദ്വേഷ പ്രചാരണങ്ങള്‍ സമൂഹത്തില്‍ അസ്വസ്ഥത വളര്‍ത്തുന്ന ഈ കാലത്ത് നാരായണഗുരുവിന്റെ പ്രിയ സുഹൃത്തായിരുന്നു നെടുങ്ങണ്ടയിലെ അബ്ദുൾ അസീസ് മുസലിയാരുമായി ബന്ധപ്പെട്ട ഒരു ഭാഗമാണ് ഗുരുസ്മരണ എന്ന പേരില്‍ അദ്ദേഹം പങ്കുവെച്ചത്.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ഗുരുസ്മരണ:
നാരായണഗുരുവിന്റെ പ്രിയ സുഹൃത്തായിരുന്നു നെടുങ്ങണ്ടയിലെ അബ്ദുൾ അസീസ് മുസലിയാർ. അവധൂതകാലം മുതലേ ഗുരു അദ്ദേഹത്തിന്റെ വീട്ടിൽ ചെന്നു താമസിക്കാറുണ്ട്. മുസലിയാരുടെ അന്ത്യകാലത്തെ ഒരു സന്ദർശനത്തിൽ അവശനായ അദ്ദേഹത്തോട് വിശ്രമിക്കുവാൻ ഗുരു ആവശ്യപ്പെട്ടു.

ഗുരു പറഞ്ഞു: ‘വിശ്രമകാലത്ത് വായന നല്ലതാണ്. ഇവിടെ സൗകര്യമില്ലെങ്കിൽ സാമാധാനമായിരുന്നു വായിക്കാൻ ശിവഗിരിയിലേക്കു പോരൂ. പ്രാർത്ഥിക്കാൻ വേണ്ടി നാം അവിടെ ഒരു പള്ളി പണിതു തരാം.’
മുസലിയാർ ഒന്നു പുഞ്ചിരിച്ചു. അദ്ദേഹം അന്ന് ആ ക്ഷണം സ്വീകരിച്ചിരുന്നുവെങ്കിൽ ശിവഗിരിയിൽ ശാരദാമണ്ഡപത്തിനൊപ്പം ഒരു മുസ്ലിംപള്ളി കൂടി തലയുയർത്തി നിൽക്കുമായിരുന്നു.
(വിവരങ്ങൾക്ക് വക്കം സുകുമാരന്റെ ലേഖനത്തോട് കടപ്പാട്)