വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്മാറാന്‍ ജ്യോതിഷം ഒരു ഒഴിവല്ല:ബോംബെ ഹൈക്കോടതി

single-img
21 September 2021

ജാതകത്തില്‍ ജോതിഷികള്‍ കണ്ടെത്തുന്ന പൊരുത്തക്കേട് വിവാഹവാഗ്ദാനത്തിൽ നിന്ന് പിന്മാറാനുള്ള ഒരു കാരണമല്ലെന്ന് ബോംബെ ഹൈക്കോടതി. മഹാരാഷ്ട്രയിലുള്ള ബഡ്ലാപൂർ നിവാസി വിവാഹ വാഗ്ദാനം നൽകി തന്റെ കാമുകിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും പിന്നീട് യുവതിയെ ഒഴിവാക്കുകയും ചെയ്ത കേസിലാണ് കോടതി ഇത്തരത്തില്‍ ഒരു നിര്‍ദ്ദേശം പുറപ്പെടുവിച്ചത്. യുവതി നല്‍കിയ പരാതിയെ തുടർന്ന് ഇയാർക്കെതിരെ പോലിസ് ബലാത്സംഗ കേസ് രജിസ്റ്റർ ചെയ്തിരുന്നു.

തന്നെ വിവാഹം ചെയ്യാമെന്ന വാഗ്ദാനത്തിൽ നിന്ന് പിന്മാറാൻ ജാതകത്തിലെ പൊരുത്തക്കേടാണ് ഇയാൾ കാരണമായി കോടതിയിൽ ബോധിപ്പിച്ചത്. ഇത്തരത്തില്‍ ഒഴിവുകഴിവിലൂടെ ബലാത്സംഗക്കുറ്റത്തിൽ നിന്ന് മോചിതനാകുവാനായിരുന്നു ഇയാളുടെ ശ്രമം. പക്ഷെ ജാതക പൊരുത്തക്കേട് സാധുവായ കാരണമായി ബോംബെ ഹൈക്കോടതി അംഗീകരിച്ചില്ല.

കാമുകി നൽകിയ പരാതിയുടെ അടിസ്ഥാനത്തില്‍ 33 കാരനായ അവിഷേക് മിത്രയ്‌ക്കെതിരെ പോലീസ് രജിസ്റ്റര്‍ ചെയ്ത ബലാത്സംഗ കേസിൽ നിന്ന് മോചിപ്പിക്കണമെന്നാവശ്യപ്പെട്ട നൽകിയ അപേക്ഷ ഡിൻഡോഷിയിലെ ഒരു അഡീഷണൽ സെഷൻസ് ജഡ്ജി നേരത്തെ തള്ളിയിരുന്നു. ഇതിനെ തുടര്‍ന്നാണ്‌ കേസുമായി അവിഷേക് ഹൈക്കോടതിയിലേക്ക് പോയത്.