കാസര്‍കോട് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ; അധ്യാപകൻ റിമാൻഡിൽ

single-img
20 September 2021

കാസര്‍കോട്‌ ജില്ലയിലെ സ്വകാര്യ സ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്യാനിടയായ സംഭവത്തില്‍ അറസ്റ്റിലായ മേല്പറമ്പ് ദേളിയിലെ സഅദിയ സ്കൂളിലെ അധ്യാപകനും ആദൂർ, സി.എ നഗർ സ്വദേശിയുമായ ഉസ്മാനെ (25) കോടതി റിമാന്റ് ചെയ്തു. ഈ മാസം എട്ടിനാണ് ഫാത്തിമത്ത് സഹാന വീട്ടിനുള്ളിൽ ആത്മഹത്യ ചെയ്തത്.

സംഭവത്തിൽ പെൺകുട്ടിയുടെ പിതാവ് സയ്യിദ് മൻസൂർ തങ്ങളുടെ പരാതിയിൽ ആദ്യം അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് അന്വേഷണത്തിൽ പ്രതിയുടെ പേരിൽ പോക്സോ നിയമവും ബാലനീതി നിയമവും കൂടാതെ ആത്മഹത്യാ പ്രേരണാ കുറ്റവും ചുമത്തി കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. പ്രതിക്കായി ആദൂർ, കർണാടക, ഗോവ, മഹാരാഷ്ട്ര ഭാഗങ്ങളിൽ അന്വേഷണം നടത്തി ഒടുവിൽ മുംബൈയിൽ നിന്നും പോലീസ് വലയിലാക്കുകയായിരുന്നു. നാട്ടിലെത്തിച്ച പ്രതിയെ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു.

പെൺകുട്ടിയുടെ മരണവിവരം അറിഞ്ഞ ഉടൻ തന്നെ പ്രതി കർണാടകത്തിലേക്ക് കടന്നതായി സൂചന ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ ജില്ലാ പോലീസ് മേധാവി പി.ബി രാജീവിൻ്റെ നിർദ്ദേശപ്രകാരം മേല്പറമ്പ് എസ്ഐ വിജയന്‍ വി കെ, എ.എസ്.ഐ അരവിന്ദൻ, ജോസ് വിൻസൻ്റ് എന്നിവർ ബാംഗ്ലൂർ എത്തി കർണാടക പോലീസിൻ്റെ സഹായത്തോടെ ദിവസങ്ങളോളം പരിശോധന നടത്തിയിരുന്നു.

അതിനിടയിൽ പ്രതി മഹാരാഷ്ട്രയിലേക്ക് കടന്ന് വിദേശത്തേക്ക് പോകാനായി ശ്രമം നടത്തുന്നതായി സൂചന ലഭിച്ച അന്വേഷണസംഘം തന്ത്രപൂർവം വലയിലാക്കുകയായിരുന്നു. ജില്ലാ സൈബർ സെല്ലിൻ്റെ സഹായത്തോടെ ബേക്കൽ ഡി.വൈ.എസ്.പി സി.കെ സുനിൽ കുമാറിൻ്റെ മേല്നോട്ടത്തിൽ മേല്പറമ്പ് സി.ഐ ടി.ഉത്തംദാസ്, എസ്.ഐ വിജയൻ വി.കെ, എസ്.ഐ ജോൺ കെ.എം, എ.എസ്.ഐ മാരായ മധുസൂതനൻ, അരവിന്ദൻ, സിവിൽ പോലീസ് ഉദ്യോഗസ്ഥരായ ശ്രീജിത്ത്, ജോസ് വിൻസൻറ്, ദീപക്, നിഷാന്ത്, നികേഷ്, സുരേഷ്, ഷീബ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

കൂടുതൽ അന്വേഷണത്തിനും തെളിവെടുപ്പിനുമായി പ്രതിയെ പോലീസ് കസ്റ്റഡിയിൽ ആവശ്യപ്പെട്ട് കോടതിയിൽ നോട്ടീസ് നൽകുമെന്ന് സി..ഐ ടി.ഉത്തംദാസ് അറിയിച്ചു.