കര്‍ണാടക മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തി; ഹിന്ദു മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി അറസ്റ്റില്‍

single-img
20 September 2021

കർണാടകയിലെ ഒരു ക്ഷേത്രം പൊളിക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ സംസ്ഥാന മുഖ്യമന്ത്രി ബാസവരാജ് ബൊമ്മൈയ്ക്കെതിരെ ഭീഷണി മുഴക്കിയ ഹിന്ദുമഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി ധര്‍മേന്ദ്ര അറസ്റ്റിൽ. തങ്ങള്‍ ഗാന്ധിജിയെപ്പോലും വെറുതെ വിട്ടിട്ടില്ലന്നും നിങ്ങളാരാണെന്നും ഇദ്ദേഹം പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രിയോടു ചോദിച്ചിരുന്നു. ഈ പ്രസ്താവന വിവാദമായ പിന്നാലെയാണ് ഇദ്ദേഹം ഉള്‍പ്പെടെ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തത്.

സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരം സംസ്ഥാനത്തെ നഞ്ചൻഗുഡിലെ ഒരു ക്ഷേത്രം പൊളിക്കുന്നതിനെതിരെ പല സംഘടനകളും വലിയ പ്രതിഷേധം ഉയര്‍ത്തുകയുണ്ടായിരുന്നു.ഇതിനെ തുടര്‍ന്നാണ്‌ കര്‍ണാടകയിലെ ബിജെപി സര്‍ക്കാരിനെതിരെ ഹിന്ദു മഹാസഭ രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം മംഗളൂരുവിൽ നിന്നാണ് മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തത്.

ധര്‍മേന്ദ്രയുടെ വിവാദമായ പ്രസ്താവന ഇങ്ങിനെ: “ക്ഷേത്രം പൊളിക്കാൻ ഇവിടെ ഞങ്ങള്‍ അനുവദിക്കില്ല. ഗാന്ധിജിയെപ്പോലും ഞങ്ങള്‍ വെറുതെ വിട്ടിട്ടില്ല. പിന്നെ നിങ്ങളാരാണ്? ഗാന്ധിജിയെ വധിക്കാമെങ്കിൽ പിന്നെ നിങ്ങളോടും ഇതു തന്നെ ഞങ്ങള്‍ ചെയ്യില്ലെന്ന് ഞങ്ങള്‍ കരുതുന്നുണ്ടോ? നിങ്ങള്‍ ഓര്‍ത്തോളൂ, ബാസവരാജ് ബൊമ്മൈയ്ക്കും ബിഎസ് യെദ്യൂരപ്പയ്ക്കും (വനിതാശിശുക്ഷേമ വകുപ്പ് മന്ത്രി) ശശികല ജോല്ലെയ്ക്കും ഇതത്ര എളുപ്പമാകില്ല.”