ഞാന്‍ സാധാരണക്കാരുടെ പ്രതിനിധി; സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ കോണ്‍ഗ്രസിന് നന്ദി പറഞ്ഞ് പഞ്ചാബ് മുഖ്യമന്ത്രി

single-img
20 September 2021

പഞ്ചാബില്‍ പുതിയ മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ കോണ്‍ഗ്രസിന് നന്ദി പറഞ്ഞ് ചരണ്‍ജിത്ത് സിംഗ് ചന്നി. വളരെ സാധാരണക്കാരനെ ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് തെരഞ്ഞെടുത്ത കോണ്‍ഗ്രസിന് നന്ദിയെന്ന് സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ മാധ്യമങ്ങളോട് ചന്നി പറഞ്ഞു.

അതേസമയം, സംസ്ഥാനത്തെ സാധാരണക്കാര്‍ക്ക് വെള്ളത്തിന്റെ ബില്‍ ഒഴിവാക്കി നല്‍കുമെന്നായിരുന്നു പുതിയ പഞ്ചാബ് മുഖ്യമന്ത്രിയുടെ ആദ്യ വാഗ്ദാനം. ”ഞാന്‍ ഒരു ആം ആദ്മിയാണ്( സാധാരണക്കാരനാണ്). ഇവിടെയിരുന്നുകൊണ്ട് മറ്റ് പാര്‍ട്ടിക്കാര്‍ സാധാരണക്കാരെക്കുറിച്ച് പറയും. എന്നാല്‍ ഇതാണ് സാധാരണക്കാരുടെ സര്‍ക്കാര്‍. ഈ സര്‍ക്കാരിന് പഞ്ചാബിന് വേണ്ടി ഒരുപാട് ചെയ്യാനുണ്ട്,” ചന്നി പറഞ്ഞു.

തന്റെ പിതാവ് വീടുകള്‍ക്ക് ടെന്റ് കെട്ടാന്‍ പോകുന്നയാളായിരുന്നുവെന്നും മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് നേതാവായ രാഹുല്‍ ഗാന്ധി വിപ്ലവകാരിയായ ഒരു നേതാവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.