ബഹിരാകാശ സഞ്ചാരികൾ സുരക്ഷിതരായി തിരികെയെത്തി; ചരിത്രമെഴുതി സ്‌പേസ് എക്‌സ് ദൗത്യം

single-img
19 September 2021

ചരിത്രമായി സ്‌പേസ് എക്‌സ് ദൗത്യം. ഇതാദ്യമായി സ്‌പേസ് എക്‌സ് പേടകത്തിൽ ബഹിരാകാശ യാത്ര നടത്തിയ നാല് യാത്രികരും സുരക്ഷിതരായി ഭൂമിയില്‍ തിരികെയെത്തി. ഇന്നലെ പ്രാദേശിക സമയം വൈകീട്ട് 7.06ന് സഞ്ചാരികളെ വഹിച്ചുള്ള പാരച്യൂട്ട് ഫ്‌ലോറിഡക്ക് സമീപം അറ്റ്‌ലാൻറിക് സമുദ്രത്തിൽ ഇറങ്ങുകയായിരുന്നു.

പൂര്‍ണ്ണമായും മൂന്ന് ദിവസം ബഹിരാകാശത്ത് കഴിഞ്ഞ ശേഷമാണ് ഇവരുടെ മടക്കം. നാല് പടുകൂറ്റൻ പാരച്യൂട്ടുകളുടെ സഹായത്തോടെയാണ് സ്‌പേസ് എക്‌സ് ഡ്രാഗൺ ക്യാപ്‌സൂൾ യാത്രികരെയും വഹിച്ച് സമുദ്രത്തെ തൊട്ടത്. ഇവര്‍ക്കായി കാത്തുനിന്ന സ്‌പേസ് എക്‌സ് ബോട്ടുകൾ സഞ്ചാരികളെ വഹിച്ചുകൊണ്ട് പിന്നീട് കെന്നഡി സ്‌പേസ് സെൻററിലെത്തിച്ചു.

ഭൂമിയിൽ നിന്നും 575 കിലോമീറ്റർ ഉയരെയായിരുന്നു ഇവർ ബഹിരാകാശ സഞ്ചാരം നടത്തിയത്. ഓരോ ദിവസവും 15 തവണ വീതം ഭൂമിയെ വലംവെച്ചു. അന്താരാഷ്ട്ര ബഹിരാകാശ നിലയെത്തേക്കാൾ വേഗതയിലായിരുന്നു പേടകത്തിൻറെ സഞ്ചാരം. ലോകത്തിലെ ശതകോടീശ്വരനായ ജറേദ് ഐസക്മാൻ ഉള്‍പ്പെടെ രണ്ട് പുരുഷന്മാരും രണ്ട് വനിതകളുമാണ് സംഘത്തിലുള്ളത്.

അർബുദ രോഗത്തെ പൊരുതി ജയിച്ച ഫിസിഷ്യനും 29കാരിയുമായ ഹെയ് ലി ആർസിനെക്‌സും 51കാരിയായ ജിയോ സയൻറിസ്റ്റുമായ സിയാൻ പ്രോക്റ്ററുമാണ് വനിതാ യാത്രക്കാർ. യു.എസ് വ്യോമസേന മുൻ പൈലറ്റും എയ്‌റോസ്‌പേസ് ഡേറ്റാ എൻജനീയറുമായ 42കാരൻ ക്രിസ് സെംബ്രോസ്‌കിയാണ് നാലാമത്തെ യാത്രക്കാരൻ. ‘അതൊരു അത്ഭുതകരമായ യാത്രയായിരുന്നു. ഇതൊരു തുടക്കം മാത്രം’ -ജറേദ് ഐസക്മാൻ പ്രതികരിച്ചു.