നാർക്കോട്ടിക് ജിഹാദ് വിവാദം അവസാനിപ്പിക്കണമെന്ന് ആലഞ്ചേരി; പാലാ ബിഷപ്പ് പ്രസ്താവന പിൻവലിക്കണമെന്ന് കാന്തപുരം

single-img
19 September 2021

പാലാ ബിഷപ്പ് നടത്തിയ നാർക്കോട്ടിക് ജിഹാദ് പരാമർശത്തിലെ വിവാദങ്ങൾ അവസാനിപ്പിക്കണമെന്ന് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. ഇതിനായി രാഷ്ട്രീയ- സമുദായ- മതനേതാക്കൾ നടത്തുന്ന ശ്രമങ്ങളോട് സഹകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

സമൂഹത്തിലെ മതസൗഹാർദ്ദത്തിനും, ഐക്യത്തിനും കോട്ടംതട്ടാൻ അനുവദിക്കരുതെന്നും അദ്ദേഹം നിർദ്ദേശിച്ചു. വളരെ ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിൽ ഇരിക്കുന്നവർ നടത്തുന്ന പ്രസ്താവനകൾ ദുർവ്യാഖ്യാനിക്കുന്നത് തെറ്റിദ്ധാരണയുണ്ടാക്കും. എല്ലാ മതങ്ങളെയും ബഹുമാനിക്കുകയും അവരോട് സഹകരിച്ചു മുന്നോട്ട് പോകണം എന്നുമാണ് സഭയുടെ കാഴ്ചപ്പാട്.

സമൂഹത്തിൽ സംഘർഷം ഉണ്ടാക്കാൻ ക്രൈസ്തവ സഭകളോ സഭ ശുശ്രൂഷകരോ ആഗ്രഹിക്കുന്നില്ല. ഈ നിലപാടിൽ നിന്ന് മാറാതിരിക്കാൻ സഭാംഗങ്ങൾ ശ്രദ്ധിക്കണമെന്നും ആലഞ്ചേരി നിർദ്ദേശിച്ചു. അതേസമയം, നർക്കോട്ടിക് ജിഹാദ് പരാമർശം പാലാ ബിഷപ്പ് പിൻവലിക്കണമെന്ന് കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ ആവശ്യപ്പെട്ടു.

ബിഷപ്പിന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട് മധ്യസ്ഥ ചർച്ചയല്ല വേണ്ടതെന്നും മുസ്ലിം വിഭാഗത്തിന് എതിരായ തന്റെ പ്രയോഗം ബിഷപ്പ് പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തെറ്റായരീതിയിലുള്ള വാദം മുസ്ലിം സമുദായത്തിന് മേൽ ഉന്നയിച്ച വ്യക്തി അത് പിൻവലിക്കണം. ആ തെറ്റ് അദ്ദേഹം തന്നെ തിരുത്തണമെന്നും കാന്തപുരം ആവശ്യപ്പെട്ടു.