ആർക്കും കൊട്ടാവുന്ന ചെണ്ടയല്ല മുസ്ലിം സമുദായം: സമസ്ത

single-img
19 September 2021

പാലാ ബിഷപ്പ് നടത്തിയ നാര്‍ക്കോട്ടിക് ജിഹാദ് വിവാദത്തില്‍ വിമര്‍ശനവുമായി സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍. സമുദായ നേതാക്കളുടെ പ്രതികരണം മതമൈത്രി തകർക്കുന്നതാവരുതെന്നുംസംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചത് ബിഷപ്പുമാർ ഇത്തരം പരാമർശങ്ങൾ നടത്തരുതായിരുന്നെന്നും അദ്ദേഹംപറഞ്ഞു.

ഇസ്ലാമിൽ ലൗ ജിഹാദ് എന്ന ഒന്ന് ഇല്ലെന്നും ഖുർ ആൻ ശരിക്കും മനസിലാക്കാതെയാണ് പല പ്രചരണങ്ങളും നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമസ്തയുടെ പ്രവര്‍ത്തനം മതസൗഹാർദ്ദത്തിനായി ആണെന്നും മുത്തുക്കോയ തങ്ങൾ പറഞ്ഞു.

അതേസമയം വിവാദ പരാമർശം നടത്തിയ ബിഷപ്പിനെ പ്രോൽസാഹിപ്പിക്കുന്ന തരത്തിലായിരുന്നു സർക്കാർ ഇടപെടൽ. ഇത് തെറ്റാണെന്നും തീവ്രവാദം പറയുന്നവരെയാണ് ഒറ്റപ്പെടുത്തേണ്ടതെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇസ്ലാമിനെ സംബന്ധിച്ച് ലൗ ജിഹാദ് എന്ന പദം അപരിചിതമാണ്. ആരെങ്കിലും ചിലർ ഇങ്ങനെ ചെയ്യുന്നുണ്ടാകാം. എന്നാൽ ഇതിന് മതപരമായ പിൻബലമില്ല.

ആർക്കും കൊട്ടാവുന്ന ചെണ്ടയല്ല മുസ്ലിം സമുദായമെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തിലെ മത സൗഹാര്‍ദം തകര്‍ക്കുന്ന നിലപാടുകള്‍ സമസ്തയില്‍ നിന്ന് ഉണ്ടായിട്ടില്ല. മറ്റേതെങ്കിലും സംഘടന വിരുദ്ധമായി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ അത് എല്ലാ മുസ്ലിങ്ങളുടെയും പേരില്‍ കെട്ടിവെക്കരുതെന്നും മുസ്ലിങ്ങള്‍ക്ക് ലൗജിഹാദ് , നാര്‍ക്കോട്ടിക്ക് ജിഹാദ് എന്ന അജണ്ട ഇല്ലെന്നും സമസ്ത അധ്യക്ഷൻ പറഞ്ഞു.