ഇരയെ ആശ്വസിപ്പിക്കുന്നതിന് പകരം വേട്ടക്കാരന് സിന്ദാബാദ് വിളിക്കുന്നു; മന്ത്രി വാസവനെതിരെ സമസ്ത

single-img
18 September 2021

സമൂഹത്തിൽ മത സ്പർധ ഉണ്ടാക്കുന്നവിധം പ്രസംഗം നടത്തിയ പാലാ ബിഷപ്പിനെ പുകഴ്ത്തി സംസാരിച്ച മന്ത്രി വി എൻ വാസവനെതിരെ ലേഖനവുമായി സമസ്ത. വിദ്വേഷ പ്രചാരകന് സംസ്ഥാനത്തെ മന്ത്രി ഗുഡ് സർട്ടിഫിക്കറ്റ് നൽകി യെന്നും ഇരയെ ആശ്വസപ്പിക്കുന്നതിന് പകരം വേട്ടക്കാരന് സിന്ദാബാദ് വിളിക്കുന്നു എന്നും സമസ്ത മുഖപത്രത്തിൽ എസ്വൈ എസ് സെക്രട്ടറി മുസ്തഫ മുണ്ടുപാറയുടെ ലേഖനത്തിൽ കുറ്റപ്പെടുത്തി.

ഒരു സമുദായത്തെ അതിക്രമിച്ചവർക്കെതിരെ നടപടിയെടുക്കാതെ അരമനകൾ കയറിയിറങ്ങുന്നത് അപമാനകരമാണെന്നും ലേഖനം പറയുന്നു.കഴിഞ്ഞ ദിവസം മന്ത്രി വാസവന്‍, പാലാബിഷപ്പ് ഹൗസിൽ പോയി ജോസഫ് കല്ലറങ്ങാട്ടിനെ കണ്ടതിന് ശേഷം വിവാദ പ്രസ്താവന അടഞ്ഞ അധ്യായമാണെന്നും അതിനെതിരെ പ്രതികരിക്കുന്നവർ ഭീകരവാദികളാണെന്നും അഭിപ്രായപ്പെട്ടിരുന്നു.

മന്ത്രി പറഞ്ഞത് ഇടതുമുന്നണി സർക്കാറിന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും നിലപാടാണോ എന്നറിയാന്‍ താൽപര്യമുണ്ടെന്ന് എഡിറ്റോറിയിൽ പേജിൽ എഴുതിയ ലേഖനത്തിലൂടെ മുസ്തഫ മുണ്ടുപാറ പറയുന്നു. എങ്ങിനെയാണ് ഒരു മതവിഭാഗത്തെ അടച്ച് ആക്ഷേപിക്കുന്നൊരു പുരോഹിതന് മന്ത്രിക്ക് പോയി ഗുഡ്‌സർട്ടിഫിക്കറ്റ് നൽകാനാകുക എന്നും ‘വിദ്വേഷ പ്രചാരണം വേട്ടക്കാരന് ഹലേലുയ്യ പാടുമ്പോൾ’ എന്ന തലക്കെട്ടിലെഴുതിയ ലേഖനത്തിൽ പറയുന്നു.