ശൈശവ വിവാഹം രജിസ്റ്റര്‍ ചെയ്യാനുള്ള ബില്‍ പാസാക്കി രാജസ്ഥാന്‍; എതിർപ്പുമായി പ്രതിപക്ഷം

single-img
18 September 2021

പ്രതിപക്ഷം ഉയര്‍ത്തിയ പ്രതിഷേധങ്ങള്‍ക്കും ബഹളങ്ങള്‍ക്കും ഇടയില്‍ വിവാഹ നിയമ ഭേദഗതി ബില്‍ 2021 പാസാക്കി രാജാസ്ഥാന്‍ നിയമസഭ. പുതിയ നിയമ പ്രകാരം വിവാഹം സാധുവായതോ നിയമവിരുദ്ധമോ ആണെങ്കിലും ഓരോ വിവാഹത്തിന്റെയും രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്. സഭയില്‍ ബില്‍ ചര്‍ച്ചയ്ക്ക് വന്നപ്പോള്‍ പ്രതിപക്ഷത്തിനൊപ്പം, സ്വതന്ത്ര എംഎല്‍എ സന്യം ലോധയും ശക്തമായ എതിര്‍പ്പ് പ്രകടിപ്പിക്കുകയും ബില്‍ പൊതുജനാഭിപ്രായം അറിയാന്‍ പ്രചരിപ്പിക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

എന്നാല്‍ പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളിക്കൊണ്ട്, ബില്‍ ശബ്ദവോട്ടോടെ സഭയില്‍ പാസാക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് പ്രതിപക്ഷം വോട്ട് വിഭജിക്കാന്‍ ആവശ്യപ്പെടുകയും ചെയ്‌തെങ്കിലും അതും നിരസിക്കപ്പെട്ടു. അവസാനം പ്രതിപക്ഷം ബഹളമുണ്ടാക്കി സഭയില്‍ നിന്ന് ഇറങ്ങിപ്പോക്ക് നടത്തി.

രാജസ്ഥാന്‍ സര്‍ക്കാര്‍ ശൈശവ വിവാഹം അനുവദിക്കുന്നതായി തോന്നുന്നെന്നും ഈ ബില്‍ പാസാക്കിയാല്‍, നിയമസഭയില്‍ ഇത് ഒരു കറുത്ത ദിനമായി മാറുമെന്നും ബില്ലിനെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെ സംസാരിച്ച അശോക് ലഹോട്ടി എംഎല്‍എ പറഞ്ഞു.