വീണാ ജോർജ് ഫോൺ ചെയ്താൽ എടുക്കാത്ത ആളാണെന്ന് പറയരുത്; അനുഭവം പങ്കുവെച്ച് സന്ദീപ്‌ വാര്യര്‍

single-img
18 September 2021

സംസ്ഥാന ആ​രോ​ഗ്യ​മ​ന്ത്രി വീ​ണ ജോ​ർ​ജിനെ ഫോ​ണി​ൽ വി​ളി​ച്ചാ​ൽ കി​ട്ടു​ന്നി​ല്ലെ​ന്ന രീതിയില്‍ ചില മാധ്യമങ്ങള്‍ വാര്‍ത്ത ചെയ്തിരുന്നു. ഇതിനെതിരെ പരാതി നല്‍കാന്‍​ സി പി എം ലോ​ക്ക​ൽ ക​മ്മി​റ്റി​ക​ൾ തീരുമാനം എടുത്ത പിന്നാലെ ഇപ്പോഴിതാ മന്ത്രിക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് ബി ജെ പി നേതാവ് സന്ദീപ് വാര്യർ.

തൃശൂർ മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്ത ഷൊർണൂരിലെ ഒരു രോഗിയുടെ ആവശ്യത്തിന് താന്‍ മന്ത്രിയെ ഫോണിൽ വിളിച്ചിരുന്നു . എടുത്തില്ലെന്നും എന്നാല്‍ രാത്രി പന്ത്രണ്ട് മണിക്ക് മന്ത്രി തിരിച്ചു വിളിച്ചു എന്നും സന്ദീപ്‌ പറയുന്നു. തിരിച്ചു വിളിക്കാൻ അവർ കാണിച്ച മാന്യതയിൽ തനിക്ക് മതിപ്പും തോന്നിയതായി സന്ദീപ്‌ വാര്യര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ബഹു.ആരോഗ്യ മന്ത്രി ശ്രീമതി വീണാ ജോർജ് ഫോൺ ചെയ്താൽ എടുക്കാത്ത ആളാണെന്ന നിലയിൽ ഒരു വിവാദം ശ്രദ്ധയിൽപ്പെട്ടിരുന്നു . വ്യക്തിപരമായ ഒരു അനുഭവം പങ്കുവയ്ക്കട്ടെ . ഒന്നു രണ്ടു മാസം മുമ്പാണ് . തൃശൂർ മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്ത ഷൊർണൂരിലെ ഒരു രോഗിയുടെ ആവശ്യത്തിന് ഞാൻ ബഹു. മന്ത്രിയെ ഫോണിൽ വിളിച്ചിരുന്നു . എടുത്തില്ല . മന്ത്രിയാണ് . സ്വാഭാവികമായും മീറ്റിംഗുകളും തിരക്കുകളും ഉണ്ടാവും . ഞാനത് കാര്യമാക്കിയില്ല .

അന്ന് രാത്രി പന്ത്രണ്ട് മണിക്ക് മന്ത്രി തിരിച്ചു വിളിച്ചു. പകൽ സമയത്തെ തിരക്കുകൾക്കിടെ അറ്റൻഡ് ചെയ്യാൻ പറ്റാതെ പോയ കാളുകൾ രാത്രി വൈകിയ വേളയിലും തിരിച്ചു വിളിക്കുകയായിരുന്നു അവർ. ഞാനുന്നയിച്ച ആവശ്യത്തിന് പരിഹാരം കാണാൻ അവർ ശ്രമിക്കുകയും ചെയ്തു .തിരിച്ചു വിളിക്കാൻ അവർ കാണിച്ച മാന്യതയിൽ എനിക്ക് മതിപ്പും തോന്നി. രാഷ്ട്രീയമായി അഭിപ്രായ വ്യത്യാസമുണ്ടാകാം. എന്നു കരുതി സത്യം പറയാതിരിക്കാനാവില്ലല്ലോ .