കാബൂളിലെ ഡ്രോണാക്രമണം അബദ്ധം; കൊല്ലപ്പെട്ടത് സാധാരണ പൗരന്മാർ; കുറ്റസമ്മതവുമായി അമേരിക്ക

single-img
18 September 2021

അഫ്ഗാന്റെ തലസ്ഥാനമായ കാബൂളില്‍ തങ്ങള്‍ നടത്തിയ ഡ്രോണാക്രമണം ഒരു അബദ്ധമായിരുന്നെന്ന് തുറന്ന് സമ്മതിച്ച് അമേരിക്ക. നിരീക്ഷണത്തിനായി അയച്ച ഡ്രോണുകള്‍ക്ക് പറ്റിയ പിഴവാണ് ആക്രമണത്തിലേക്ക് നയിച്ചത് എന്നാണ് അമേരിക്കയുടെ പ്രതിരോധ വിഭാഗം ആസ്ഥാനമായ പെന്റഗണ്‍ അറിയിപ്പില്‍ പറഞ്ഞത്. ഏഴ് കുട്ടികള്‍ ഉള്‍പ്പെടെ പത്ത് സാധാരണ പൗരന്മാരായിരുന്നു കഴിഞ്ഞ മാസം 29ന് നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

വെള്ള നിറമുള്ള ഒരു ടൊയോട്ട കാര്‍ എട്ട് മണിക്കൂറോളം തുടര്‍ച്ചയായി കാബൂളില്‍ കണ്ടതിനെ തുടര്‍ന്ന് തീവ്രവാദ ആക്രമണം സംശയിച്ചായിരുന്നു അമേരിക്ക ഡ്രോണ്‍ ആക്രമണത്തിന് മുതിര്‍ന്നത് എന്ന് യു എസ് സെന്‍ട്രല്‍ കമാന്‍ഡ് ജനറല്‍ ഫ്രാങ്ക് മാക്‌കെന്‍സി പറയുന്നു. പക്ഷെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് സാധാരണക്കാരായിരുന്നു.

അതെസയമ, തങ്ങള്‍ നടത്തിയ ആക്രമണം ശരിയായ തീരുമാനമായിരുന്നു എന്നായിരുന്നു ആദ്യ ഘട്ടത്തില്‍ പെന്റഗണിന്റെ നിലപാട്. താലിബാന്റെ ചാവേറുകള്‍ കാബൂളിലെ ഹാമിദ് കര്‍സായി വിമാനത്താവളം ആക്രമിക്കുന്നതില്‍ നിന്നും ഡ്രോണ്‍ ആക്രമണം തടഞ്ഞു എന്നായിരുന്നു അമേരിക്കന്‍ സൈന്യം അന്ന് പറഞ്ഞിരുന്നത്.