സര്‍ക്കാര്‍ ജീവനക്കാരുടെ കലാ സാംസ്‌കാരിക പ്രവര്‍ത്തനത്തിന് മുന്‍കൂര്‍ അനുമതി; വിവാദ സര്‍ക്കുലര്‍ പിന്‍വലിച്ച് വിദ്യാഭ്യാസ വകുപ്പ്

single-img
17 September 2021

സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ സംസ്‌കാരിക, സാഹിത്യ പ്രവര്‍ത്തനത്തിന് നിയന്ത്രണം കൊണ്ടുവന്ന വിവാദ സര്‍ക്കുലര്‍ പിന്‍വലിച്ച് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. ഈ മാസം 9ന് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ സര്‍ക്കുലര്‍ ആണ് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ ഇടപെടലില്‍ പിന്‍വലിച്ചത്.

സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കലാ സംസ്‌കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്നതിന് മുന്‍കൂര്‍ അനുമതി വാങ്ങണമെന്നും സാഹിത്യ സൃഷ്ടികള്‍ പ്രസിദ്ധീകരിക്കുന്നതിന് മുന്‍കൂര്‍ പരിശോധിക്കണമെന്നും ആയിരുന്നു സര്‍ക്കുലര്‍. ഈ തീരുമാനത്തിനെതിരെ കലാസാഹിത്യ മേഖലകളില്‍ സജീവമായ അധ്യപകര്‍ ഉള്‍പ്പെടെ രംഗത്ത് വന്നിരുന്നു.

നിലവില്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും അധ്യാപകര്‍ക്കും സാഹിത്യകലാപ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ അനുമതി ആവശ്യമാണ്. സര്‍ക്കാര്‍ തീരുമാനിക്കുന്ന നയങ്ങള്‍ക്കെതിരെ വിമശനം ഉന്നയിക്കരുതെന്നതുള്‍പ്പെടെ നിബന്ധകളോടെയാണ് ഉദ്യോഗസ്ഥര്‍ക്ക് അനുമതി കൊടുക്കുന്നത്. സര്‍വ്വീസ് ചട്ടങ്ങളിങ്ങനെയായിരിക്കെയാണ് കൂടുതല്‍ കടുത്ത നിയന്ത്രണങ്ങളുമായി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് പുറത്തുവന്നത്.