ചന്ദ്രിക കള്ളപ്പണ കേസ്; മുഈന്‍ അലി ഇന്ന് ഇഡിയുടെ മുന്‍പില്‍ ഹാജരാകില്ല

single-img
17 September 2021

മുസ്ലിം ലെഗ്ഗിന്റെ മുഖപത്രമായ ചന്ദ്രികയുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിൽ യൂത്ത് ലീഗ് ദേശീയ നേതാവ് മുഈൻ അലി തങ്ങൾ ഇന്ന് എൻഫോഴ്സ്‌മെന്റിന് മുന്നിൽ ഹാജരാകില്ല.തനിക്ക് ഇന്ന് ഹാജരാകാനുള്ള അസൗകര്യം മുഈൻ അലി ഇഡിയെ അറിയിച്ചു.

നേരത്തേ, ഇന്ന് രാവിലെ 11മണിയോടെ ഇഡി കൊച്ചി ഓഫീസിൽ ഹാജരാകാനായിരുന്നു നോട്ടീസ്.ചന്ദ്രികയ്ക്ക് വേണ്ടി ഭൂമി വാങ്ങിയതിലടക്കം സാമ്പത്തിക ക്രമക്കേട് നടന്നിട്ടുണ്ടെന്ന് മുഈൻ അലി നേരത്തെ ആരോപിച്ചിരുന്നു. ചന്ദ്രിക ദിനപത്രം പ്രതിസന്ധിയിലാകാൻ കാരണം കുഞ്ഞാലിക്കുട്ടി നിയമിച്ച ഫിനാൻസ് മാനേജർ അബ്ദുൾ സമീറിന്റെ കഴിവുകേടാണെന്ന് നേരത്തെ മുഈൻ അലി ഉന്നയിച്ചിരുന്നു.

മാത്രമല്ല, പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിൽ കേന്ദ്ര ഏജൻസി നടത്തുന്ന ചോദ്യം ചെയ്യലിന് വിധേയനാകേണ്ടത് കുഞ്ഞാലിക്കുട്ടിയാണെന്നും മുഈൻ അലി പറഞ്ഞിരുന്നു.ചന്ദ്രിക കള്ളപ്പണ ഇടപാട് കേസിൽ മുഈനലി തങ്ങളുടെ മൊഴിയെടുക്കാനും തെളിവ് ശേഖരിക്കാനുമാണ് ഇ ഡി ഹാജരാക്കാൻ നിർദേശിച്ചിരുന്നത്.ചന്ദ്രിക ദിനപത്രത്തിൻറെ അക്കൗണ്ട് വഴി 10 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണമാണ് ഇ ഡി അന്വേഷിക്കുന്നത്.