കടക്കെണിയിലും കേരളത്തിന് പിടിച്ചുനിൽക്കാൻ സാധിച്ചത് കേന്ദ്രത്തിൽ മോദി സർക്കാർ ഉള്ളതിനാല്‍: കെ സുരേന്ദ്രന്‍

single-img
17 September 2021

രൂക്ഷമായ കടക്കെണിയിൽ മുങ്ങിതാഴുന്ന കേരളത്തിന് പിടിച്ചുനിൽക്കാൻ സാധിച്ചത് കേന്ദ്രത്തിൽ നരേന്ദ്ര മോദി സർക്കാർ ഉള്ളതിനാലാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. പൂര്‍ണ്ണമായും ഒരു ധനാശ്രയ സംസ്ഥാനമായ കേരളത്തെ മോദി സർക്കാർ സഹായിച്ചതു പോലെ മറ്റാരും സഹായിച്ചിട്ടില്ല.

കേരളത്തിന്റെ ആവശ്യങ്ങൾക്കായി മുഖ്യമന്ത്രിക്ക് ഡൽഹിയിൽ പോയി സമരം ചെയ്യേണ്ട സാഹചര്യം ഇല്ലാത്തത് അവിടെ മോദി ഡല്‍ഹി ഭരിക്കുന്നത് കൊണ്ടാണെന്നും പ്രധാനമന്ത്രിയുടെ ജന്മദിനാഘോഷത്തിന്റെ ഭാ​ഗമായി കാസർ​ഗോഡ് നടന്ന വിവിധ പരിപാടികളിൽ സംസാരിക്കവെ സുരേന്ദ്രന്‍ പറഞ്ഞു.

കൊവിഡ് രൂക്ഷമായ കാലത്ത് കേരളത്തിന്എല്ലാ സഹായവും ചെയ്തത് പ്രധാനമന്ത്രി മോദിയാണ്. അവ ജനങ്ങള്‍ക്ക് വിതരണം ചെയ്യേണ്ട പണി മാത്രമേ ഇവിടെ സംസ്ഥാന സർക്കാരിനുള്ളൂ. ഇന്ത്യയിലെ എല്ലാ ജനങ്ങൾക്കും മോദി സൗജന്യ വാക്സിൻ നൽകുമ്പോൾ കേരളത്തിൽ വാക്സിനേഷനിൽ മുൻ​ഗണനാക്രമം തെറ്റിച്ച് പാർട്ടി പ്രവർത്തകരെ തിരുകി കയറ്റുകയാണ് സംസ്ഥാന സർക്കാർ ചെയ്തതെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

രാജ്യത്തെ ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി ജീവിക്കുന്ന പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. അദ്ദേഹം ഓരോ സംസ്ഥാനങ്ങളുടേയും വികസനം ഉറപ്പുവരുത്തുന്നു.പ്രാദേശിക വ്യത്യാസമില്ലാത്ത വികസനമാണ് മോദിയുടെ പ്രത്യേകത. ​മുഖ്യമന്ത്രിയായിരുന്നപ്പോൾ ​ഗുജ്റാത്തിനെ സമ്പൂർണ്ണ വികസന സംസ്ഥാനമാക്കിയ നരേന്ദ്രമോദി പ്രധാനമന്ത്രിയായപ്പോൾ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും വികസനമെത്തിക്കാനാണ് ശ്രമിക്കുന്നത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ജമ്മുകാശ്മീരിലും വികസനമെത്തിയത് മോദി വന്ന ശേഷമാണ്. എന്നാൽ മോദിയുടെ വികസനത്തിന് തുരങ്കംവെക്കുകയാണ് കേരള സർക്കാർ.

ജനങ്ങൾക്കു ഉപകാരപ്രദമാവുന്ന രീതിയിലാണ് പ്രധാനമന്ത്രിയുടെ ജന്മദിനാഘോഷം. അദ്ദേഹത്തിന്റെ ആ​ഗ്രഹം അനുസരിച്ച് കൂടുതൽ കൂടുതൽ ജനങ്ങളിലേക്ക് പാർട്ടിപ്രവർത്തകർ എത്തുന്നു. രാജ്യവ്യാപകമായി ലക്ഷക്കണക്കിന് സേവനപ്രവർത്തനങ്ങളാണ് നടക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.