പാലാ ബിഷപ്പിന് ദുരുദ്ദേശ്യം ഉണ്ടായിരുന്നതായി കരുതുന്നില്ല: എ വിജയരാഘവന്‍

single-img
17 September 2021

സംസ്ഥാനത്ത് ഏറെ രാഷ്ട്രീയ വിവാദമായ നാർക്കോട്ടിക് ജിഹാദ് പ്രസ്താവന നടത്തിയ പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങോട്ടിലിന് ദുരുദ്ദേശ്യം ഉണ്ടായിരുന്നതായി കരുതുന്നില്ലെന്ന് സി പി എം ജനറൽ സെക്രട്ടറി എ വിജയരാഘവൻ.

ബിഷപ്പിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ ബി ജെ പി രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണെന്നും കേരളത്തിൽ അവരുടെ സാന്നിധ്യം അറിയിക്കാൻ ഇത്തരം കാര്യങ്ങളിലൂടെ മാത്രമേ കഴിയൂവെന്നും അദ്ദേഹം വിമർശിച്ചു. ഇവിടെ വ്യക്തികളും ചില ഗ്രൂപ്പുകളും നടത്തുന്ന കാര്യം മതത്തിന്റെ പേരിൽ പറയേണ്ടതില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വളരെ വ്യക്തതയുള്ള മതനിരപേക്ഷ നിലപാടിന്റെ ഭാഗമായാണ് ഇടതുപക്ഷം രണ്ടാമതും അധികാരത്തിൽ വന്നതെന്നും അതിനെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് തുടരുമെന്നും അദ്ദേഹം പറഞ്ഞു. പ്രവര്‍ത്തകരില്‍ ഉൾപ്പാർട്ടി ജനാധിപത്യമില്ലാത്ത രീതികൾ കോൺഗ്രസിനെ ദുർബലപ്പെടുത്തിയെന്നും കൂടുതൽ പേർ ഇനിയും പാർട്ടി വിടുമെന്നും അദ്ദേഹം പറഞ്ഞു.

ഇങ്ങിനെ പാര്‍ട്ടി വിടുമ്പോള്‍ മതേതര നിലപാടുള്ളവർ സി പി എമ്മിലേക്ക് എത്തുമെന്നും അവർക്ക് പാർട്ടി അർഹമായ സ്ഥാനം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ജനാധിപത്യമില്ലായ്മ മുസ്‌ലിംലീഗിന്റെ ചരിത്രത്തിലില്ലാത്ത പ്രതിസന്ധിയിലാണ് അവരെ എത്തിച്ചിരിക്കുന്നതെന്നും എം എസ്എ ഫ് ഉപഘടകമായ ഹരിതയുമായി ബന്ധപ്പെട്ട് അവർ സ്വീകരിച്ച നടപടികളിൽ അവരുടെ സ്ത്രീ വിരുദ്ധ നിലപാടുകൾ പ്രകടമാണെന്നും വിജയരാഘവൻ പറഞ്ഞു.