പ്രൊഫഷണൽ കോളേജുകൾ കേന്ദ്രീകരിച്ച് യുവതികളെ തീവ്രവാദത്തിലേക്ക് ആകർഷിക്കാന്‍ ശ്രമം നടക്കുന്നു: സിപിഎം

single-img
17 September 2021

കേരളത്തിൽ പ്രൊഫഷണൽ കോളേജുകൾ കേന്ദ്രീകരിച്ച് യുവതികളെ തീവ്രവാദത്തിലേക്ക് ആകർഷിക്കാനുള്ള ശ്രമം നടക്കുന്നതായി സിപിഎം. അഫ്‌ഗാനിലെ താലിബാൻ പോലുള്ള സംഘടനകളെ പിന്തുണയ്ക്കുന്ന സാഹചര്യവും കേരളത്തിലുണ്ട്.

ഇതോടൊപ്പം തന്നെ ക്രൈസ്തവ വിഭാഗത്തിലെ വർഗീയ സ്വാധിനത്തേയും ഗൗരവത്തോടെ കാണണം. ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചുള്ള ബിജെപിയുടെ വർഗീയ പ്രചരണത്തെ തടയാൻ അവിടെ ഇടപെടണമെന്നും സമ്മേളനങ്ങളിൽ പ്രസംഗിക്കാൻ നേതാക്കൾക്ക് നൽകിയ കുറിപ്പിൽ സിപിഎം പറയുന്നു.

വളരെ ആക്രമണോത്സുകമായ പ്രവർത്തനത്തിലൂടെ എസ്ഡിപിഐ മുസ്ലീം സമുദായത്തിലെ ചെറുപ്പക്കാരെ ആകർഷിക്കാനും ശ്രമിക്കുന്നുണ്ട്. ഈ പ്രവൃത്തിക്കെതിരെയും ശക്തമായ നിലപാടെടുക്കണം. മതവിശ്വാസികൾ സാധാരണയായി വർഗീയതയ്ക്കെതിരാണെന്ന യാഥാർഥ്യം മനസ്സിലാക്കി ഇടപെടണം. നിലവിൽ കേരളത്തിൽ സംഘപരിവാറിന്റെ പ്രവർത്തനങ്ങൾ ന്യൂനപക്ഷ വിഭാഗത്തിൽ അരക്ഷിതാവസ്ഥ സൃഷ്ടിച്ചിട്ടുണ്ട്.

വിവിധ മുസ്ലിം സംഘടനകളിൽ നുഴഞ്ഞു കയറി പ്രശ്നങ്ങൾ സൃഷ്ടിക്കാൻ മുസ്ലീം വർഗീയ-തീവ്രവാദ രാഷ്ട്രീയം ശ്രമിക്കുന്നു. ഇസ്ലാമിക രാഷ്ട്ര സ്ഥാപനത്തിനായി പ്രവർത്തിക്കുന്ന ജമാ അത്തെ ഇസ്ലാമി അതിന്റെ ആശയപരമായ വേരുകൾ മുസ്ലീം സമൂഹത്തിലും പൊതു സമൂഹത്തിലും വ്യാപിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഈ സാഹചര്യം ഉപയോഗിച്ച് നടത്തുന്നുണ്ടെന്നും സിപിഎം ചൂണ്ടിക്കാട്ടുന്നു.