സല്യൂട്ട് വിവാദത്തില്‍ സുരേഷ് ഗോപിയെ അപമാനിക്കാന്‍ ആസൂത്രിത നീക്കം നടക്കുന്നു: കെ സുരേന്ദ്രന്‍

single-img
16 September 2021

കഴിഞ്ഞ ദിവസം തൃശൂരിലെ പുത്തൂരില്‍ ഉണ്ടായ സല്യൂട്ട് വിവാദത്തില്‍ സുരേഷ് ഗോപിയെ പിന്തുണച്ച് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഇതുമായി ബന്ധപ്പെട്ട് സുരേഷ് ഗോപിയെ അപമാനിക്കാന്‍ ആസൂത്രിത നീക്കമാണ് നടക്കുന്നതെന്നും സുരേഷ് ഗോപിയോടുള്ള അസൂയയാണ് ഇതിന് കാരണമെന്നും കെ സുരേന്ദ്രന്‍ പ്രതികരിച്ചു.

ഇന്ന് രാവിലെ മഞ്ചേശ്വരം നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കോഴക്കേസില്‍ ക്രൈംബ്രാഞ്ചിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായി മടങ്ങവെയായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.

കെ.സുരേന്ദ്രന്റെ വാക്കുകള്‍ ഇങ്ങിനെ:

‘സുരേഷ് ഗോപിയെ മനപൂര്‍വം അപമാനിക്കാന്‍ നീക്കം നടക്കുന്നുണ്ട്. ഇതിനായി ചില കേന്ദ്രങ്ങള്‍ ആസൂത്രിത നീക്കങ്ങളാണ് നടത്തുന്നത്. രാജ്യസഭാ അംഗം എന്ന നിലയില്‍ അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്ന സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ ഒരു വിഭാഗം ആളുകളില്‍ അസൂയ ഉണ്ടാക്കിയിട്ടുണ്ട്. അതുകൊണ്ടാണ് എന്തിനും സുരേഷ് ഗോപിയെ വിമര്‍ശിക്കുക എന്ന സമീപനം അവര്‍ സ്വീകരിച്ചിരിക്കുന്നത്.

ഇവിടെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെയും എകെജി സെന്ററിലെ തൂണിനെയും വരെ ഉദ്യോഗസ്ഥര്‍ സല്യൂട്ട് അടിക്കുന്നുണ്ട്. അവിടെയാണ് കേരളത്തിലെ അറിയപ്പെടുന്ന നടനും, രാജ്യസഭാംഗവും ജീവകാരുണ്യ പ്രവര്‍ത്തകനുമായിട്ടുള്ള സുരേഷ് ഗോപിക്കെതിരെ പ്രചരണം നടക്കുന്നത്.’