സെന്‍ട്രല്‍ വിസ്ത: ഇന്ത്യയ്ക്ക് ആധുനിക തലസ്ഥാനം ആവശ്യം: പ്രധാനമന്ത്രി

single-img
16 September 2021

കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന സെന്‍ട്രല്‍ വിസ്ത പദ്ധതിയെ ശക്തമായി ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശക്തമായ ഇന്ത്യയ്ക്ക് ആധുനിക തലസ്ഥാനം ആവശ്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ന് രാവിലെ രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ പുതിയ പ്രതിരോധ സേന ഓഫീസ് മന്ദിരങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പുതിയ പാര്‍ലമെന്റ് മന്ദിര നിര്‍മ്മാണം നിശ്ചയിച്ച സമയത്ത് തന്നെ പൂര്‍ത്തിയാക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. വളരെ പരിതാപകരമായ അവസ്ഥയിലാണ് ഡൽഹിയിൽ പ്രതിരോധ സേന ഉദ്യോഗസ്ഥര്‍ ജോലി ചെയ്തിരുന്നത്. ഇത് ആരും ചര്‍ച്ച പോലും ആക്കാതിരുന്നത് ആശ്ചര്യകരമെന്നും മോദി കൂട്ടിച്ചേർത്തു.

അതേസമയം, ഇപ്പോൾ നേരത്തെ ഉപയോഗിച്ചിരുന്നതിന്റെ അഞ്ചിലൊന്ന് സ്ഥലത്താണ് പുതിയ ഓഫീസുകള്‍ വരുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഡൽഹിയിലെ കെജി മാര്‍ഗ്, ആഫ്രിക്ക അവന്യു എന്നിവിടങ്ങളിലാണ് പ്രതിരോധ സേനകളുടെ പുതിയ ഓഫീസുകളുടെ ഉദ്ഘാടനം നടന്നത്.