പാലാ ബിഷപ്പിന് പിന്തുണ; യുഡിഎഫ് തൃശ്ശൂര്‍ ജില്ലാ കണ്‍വീനറെ മാറ്റണമെന്ന ആവശ്യവുമായി മുസ്ലിം ലീഗ്

single-img
15 September 2021

സമൂഹത്തിൽ മത സ്പർധ ഉളവാക്കുന്ന പരാമർശം നടത്തിയ പാലാ ബിഷപ്പിനെ പിന്തുണച്ച് യുഡിഎഫ് തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി പുറത്തിറക്കിയ വാര്‍ത്താകുറിപ്പിനെ ചൊല്ലി മുന്നണിയില്‍ ഭിന്നത രൂക്ഷമാകുന്നു. വാർത്താ കുറിപ്പ് വിവാദമായപ്പോൾ അതിനെ തളളി ഡിസിസിയും തിരുത്തിയ വാര്‍ത്താകുറിപ്പിറക്കി യുഡിഎഫും രംഗത്തെത്തിയിരുന്നു.

തൊട്ടുപിന്നാലെ തന്നെ സംഭവത്തില്‍ യുഡിഎഫ് തൃശ്ശൂര്‍ ജില്ലാ കണ്‍വീനറെ മാറ്റണമെന്ന ആവശ്യവുമായി മുസ്ലിം ലീഗ് ജില്ലാ നേതൃത്വം രംഗത്തെത്തി. യുഡിഎഫ് മുന്നണിയുടെ സംസ്ഥാന നേതൃത്വത്തിന്റെ നിലപാടില്‍ നിന്നും വ്യത്യസ്തമായാണ് ആദ്യം പുറത്ത് വന്ന വാര്‍ത്താകുറിപ്പ്.

ബിഷപ്പ് നടത്തിയ ‘നാര്‍ക്കോട്ടിക് ജിഹാദ്’ പ്രസ്താവന ഒരു മതത്തിനും എതിരെല്ലെന്നും അനാവശ്യ വിവാദം വേണ്ടെന്നുമായിരുന്നു ആദ്യത്തേതില്‍ പറഞ്ഞിരുന്നത്. അത് വിവാദമായതോടെ യുഡിഎഫ് ജില്ലാ നേതൃത്വം തിരുത്തിയ വാര്‍ത്താകുറിപ്പ് പുറത്തിറക്കുകയായിരുന്നു. ബിഷപ്പിന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട ഭാഗം പൂര്‍ണ്ണമായും നീക്കം ചെയ്താണ് പുതിയ വാര്‍ത്താകുറിപ്പിറക്കിയത്. വാര്‍ത്താകുറിപ്പുമായി ഡിസിസിക്ക് ബന്ധമില്ലെന്നും ഓഫീസ് സ്റ്റാഫിനെ സ്വാധീനിച്ച് യുഡിഎഫിലെ ചില തല്‍പ്പര കക്ഷികള്‍ ചെയ്തതെന്നുമായിരുന്നു പ്രസിഡന്റ് ജോസ് വള്ളൂരിന്റെ വിശദീകരണം.