രാജ്യത്തെ ടെലികോം മേഖലയിൽ നൂറ് ശതമാനം വിദേശ നിക്ഷേപത്തിന് അനുമതി നൽകി കേന്ദ്ര സർക്കാർ

single-img
15 September 2021

രാജ്യത്തെ ടെലികോം മേഖലയ്‌ക്കും വാഹന നിർമ്മാണ മേഖലയ്‌ക്കും കൈയയച്ച് സഹായം നൽകി കേന്ദ്രത്തിലെ മോദി സർക്കാർ. ടെലികോം, വാഹനനിർമ്മാണ മേഖലകളില്‍ പുതിയ പാക്കേജുകൾ ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു. പുതിയ തീരുമാന പ്രകാരം മുൻകൂർ അനുമതിയില്ലാതെ 100 ശതമാനം വിദേശ നിക്ഷേപത്തിനുള‌ള അനുമതിയാണ് ടെലികോം മേഖലയില്‍ സർക്കാർ ഇന്ന് പ്രഖ്യാപിച്ചത്.

ഇതിന് പുറമേ എജിആർ ഉൾപ്പടെ ടെലികോം കമ്പനികളുടെ എല്ലാ വിധ കുടിശികയ്‌ക്കും നാല് വർഷത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചതായും കേന്ദ്ര ടെലികോം മന്ത്രി അശ്വിനി വൈഷ്‌ണവ് മാധ്യമങ്ങളെ അറിയിച്ചു. ഇതോടൊപ്പം തന്നെ വാഹന നിർമ്മാണ മേഖലയ്‌ക്കും ഡ്രോൺ വ്യവസായത്തിനും സര്‍ക്കാര്‍ പ്രത്യേക പാക്കേജ് അനുവദിച്ചു.

നിലവില്‍ 25,938 കോടിയാണ് വാഹന നിർമ്മാണ മേഖലയ്ക്ക് നൽകുക. ഡ്രോൺ വ്യവസായത്തിന് 120 കോടിയും ചേർത്ത് ആകെ 26,538 കോടിയാകും അനുവദിക്കുകയെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ അറിയിച്ചു.മൊബൈൽ ടവറുകൾ സ്ഥാപിക്കുന്നതിന് നിലവിലുണ്ടായിരുന്ന നടപടികളും കേന്ദ്രസർക്കാർ ലളിതമാക്കി. വിവിധ തലങ്ങളിലെ അനുമതിയ്‌ക്ക് പകരം സ്വയം സാക്ഷ്യപത്രം നൽകി കമ്പനികൾക്ക് ടവറുകൾ സ്ഥാപിക്കാൻ അനുമതി നൽകി.