ഷാഫി പറമ്പിലിനെതിരെ രാഹുല്‍ ഗാന്ധിക്ക് പരാതി നല്‍കി യൂത്ത് കോൺഗ്രസ് പ്രവർത്തകർ

single-img
14 September 2021

യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് ഷാഫി പറമ്പിലിനെതിരെ ഒരു വിഭാഗം യൂത്ത് കോൺഗ്രസ് പ്രവർത്തകർ രാഹുൽ ഗാന്ധിക്ക് പരാതി നൽകി. സംഘടനയുടെ നിയോജക മണ്ഡലം ഭാരവാഹി നിയമനത്തിൽ ഗ്രൂപ്പ് വീതം വെപ്പെന്നാണ് പ്രധാന പരാതി.

ഇനിയും ഷാഫിയെ പ്രസിഡൻ്റായി തുടരാൻ അനുവദിക്കരുതെന്നാണ് പരാതിയിലെ ആവശ്യം. ആരോപണങ്ങളെ തുടർന്ന് നേരത്തെ രണ്ട് നിയോജക മണ്ഡലം കമ്മറ്റി നിയമനങ്ങൾ ദേശീയ നേതൃത്വം ഇടപെട്ട് മരവിപ്പിച്ചിരുന്നു. ഇക്കുറി സംസ്ഥാന ഭാരവാഹികളായ ഒരു വിഭാഗം ആളുകളാണ് രാഹുൽ ഗാന്ധിക്ക് കത്തയച്ചത്.

ഷാഫി ഇപ്പോഴും ഗ്രൂപ്പ് പ്രസിഡൻ്റായി തുടരുകയാണെന്നും അത് അവസാനിപ്പിക്കണമെന്നും കത്തിൽ ഇവർ ആവശ്യപ്പെടുന്നു. ഗ്രൂപ്പ് വീതം വെപ്പ് നടക്കുന്നതിനാൽ അർഹതയുള്ളവരെ പുറത്തുനിർത്തി ഇഷ്ടക്കാരെ തിരുകിക്കയറ്റുന്നുവെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.