കനയ്യ കുമാര്‍ കോണ്‍ഗ്രസിലേക്ക്?; രാഹുല്‍ ഗാന്ധിയെ ഉടന്‍ കാണുമെന്ന് സൂചന

single-img
14 September 2021

സിപിഐയുടെ യുവ നേതാവും ജെഎന്‍യു മുന്‍ സ്റ്റുഡന്റസ് യൂണിയന്‍ പ്രസിഡന്റുമായ കനയ്യ കുമാര്‍ കോണ്‍ഗ്രസിൽ ചേരുമെന്ന് സൂചന. ഇതിനായി അദ്ദേഹം കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തിയെന്നും രാഹുല്‍ ഗാന്ധിയെ ഉടന്‍ കാണുമെന്നും പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

കനയ്യ മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ കോണ്‍ഗ്രസ് നേതൃത്വം അംഗീകരിച്ചാല്‍ അദ്ദേഹം കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്ന് ഈ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇനിയുള്ള ദിവസങ്ങളിൽ ഇതുമായി ബന്ധപ്പെട്ട അവസാന തീരുമാനമുണ്ടായേക്കും.

ഇതുവരെ പക്ഷെ ഇതിനെ സംബന്ധിച്ച് കനയ്യകുമാറോ കോണ്‍ഗ്രസ് വക്താക്കളോ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. നിലവിൽ കനയ്യകുമാറിനെ പാര്‍ട്ടിയില്‍ ഉള്‍പ്പെടുത്തുന്ന കാര്യം കോണ്‍ഗ്രസ് ഗൗരവമായി ആലോചിക്കുകയാണ്. കനയ്യ എത്തിയാല്‍ യുവാക്കളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ സാധിക്കുമെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍.