സി എച്ച് പഠിപ്പിച്ച പാഠമാണ് ഹരിത പഠിച്ചത്; ആ വഴിയിലൂടെ മുന്നോട്ട് പോകും: ഫാത്തിമ തഹ്ലിയ

single-img
14 September 2021

മുസ്ലിം ലീഗ് നേതൃത്വം പുറത്താക്കിയ ഹരിത നേതാക്കള്‍ക്കെതിരെ സംഘടനയുടെ ജനറല്‍ സെക്രട്ടറി പി എം എ സലാം നടത്തുന്ന പ്രചാരണം അജണ്ടകളുടെ ഭാഗമാണെന്ന് ദേശീയ വൈസ് പ്രസിഡന്റായിരുന്ന ഫാത്തിമ തഹ്ലിയ. ഇവിടെ ഒരു ഗ്രൂപ്പ് നേതാക്കളുടെയും സഹായം വനിതകള്‍ക്ക് ലഭിച്ചിട്ടില്ല. തങ്ങള്‍ സി എച്ച് കാണിച്ച വഴിയിലൂടെ മുന്നോട്ടുപോകുമെന്നും ഫാത്തിമ തഹ്ലിയ പറഞ്ഞു. ഹരിതയുടെ വനിതാ നേതാക്കള്‍ പറയുന്നത് ലിബറലിസമാണെന്നും അത് മതനിരാസത്തിന്റെ വഴിയാണെന്നുമുള്ള ചില ലീഗ് നേതാക്കളുടെ പ്രസ്താവനകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് ഫാത്തിമ തഹ്ലിയ പറഞ്ഞു.

ഇപ്പോള്‍ ഹരിതാ വനിതാ നേതാക്കളെ കുപ്രചാരണം നടത്തി വേട്ടയാടുകയാണ്. അങ്ങിനെ ചെയ്യുന്നത് ചില അജണ്ടകളുടെ ഭാഗമാണ്. തെറ്റായ തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ ഇങ്ങിനെ കുപ്രചാരണം നടത്തി ന്യായീകരിക്കുകയല്ലാതെ നേതൃത്വത്തിന് മറ്റ് വഴികളില്ല. അതുകൊണ്ടാണ് അങ്ങിനെ അവര്‍ ചെയ്യുന്നത്.

സി എച്ച് പഠിപ്പിച്ച പാഠമാണ് ഹരിതയും പഠിച്ചത്. ഇനിയും ആ വഴിയില്‍ ഹരിത മുന്നോട്ടുപോവുക തന്നെ ചെയ്യും. ഏതെങ്കിലും ഒരു നേതാവിനെ കണ്ടല്ല തങ്ങള്‍ പാര്‍ട്ടി പ്രവര്‍ത്തനരംഗത്തേക്ക് വന്നത്. മറിച്ച് പാര്‍ട്ടിയുടെ ആശയത്തില്‍ ആകൃഷ്ടരായാണ്. അതിനാല്‍തന്നെ പുറത്തുള്ള പ്രചാരണങ്ങള്‍കൊണ്ട് തങ്ങള്‍ വിശ്വസിച്ച ആശയത്തെ കയ്യൊഴിയാനാകില്ല.”- തഹ്ലിയ പറഞ്ഞു.