പെൻഗ്വിനുകള്‍ അന്യഗ്രഹജീവികളാകാമെന്ന നിഗമനത്തില്‍ ലണ്ടനിലെ ഗവേഷകസംഘം; കൂടുതല്‍ പഠനം നടത്തും

single-img
13 September 2021

ഭൂമിയില്‍ ധ്രുവപ്രദേശങ്ങളിൽ കൂടുതലായി കാണുന്ന പെൻഗ്വിനുകളെക്കുറിച്ച് അവിശ്വസനീയമെന്നു തോന്നാവുന്ന ഒരു കണ്ടെത്തലുമായാണ് ഒരു ഗവേഷകസംഘം രംഗത്തെത്തിയിരിക്കുന്നത്. ഇവ ഒരുപക്ഷെ അന്യഗ്രഹജീവികളാകാമെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. ബ്രിട്ടനിലെ ഇംപീരിയൽ കോളേജിലെ ഗവേഷകസംഘമാണ് ഇതുമായി ബന്ധപ്പെട്ട പഠനം നടത്തിയത്.

പെൻഗ്വിനുകളുടെ വിസര്‍ജ്യത്തിൽ നിന്നും പരിശോധനയില്‍ കണ്ടെത്തിയ ഫോസ്ഫൈൻ എന്ന രാസവസ്തുവാണ് ഇത്തരത്തില്‍ ഒരു നിഗമനത്തിനു പിന്നിൽ എത്താന്‍ കാരണമായത്. ഈ രാസവസ്തു ശുക്രഗ്രഹത്തിലുമുണ്ടെന്നു ഗവേഷകര്‍ പറയുന്നു.

ഭൂമിയിൽ നിന്നും ഏകദേശം ആറു കോടി കിലോമീറ്റര്‍ ദൂരമാണ് ശുക്രനിലേയ്ക്കുള്ളത്. ഈ ദൂരമത്രയും സഞ്ചരിച്ച് എങ്ങനെയാണ് ഫോസ്ഫൈൻ ഇവിടെയെത്തിയതെന്ന കാര്യത്തിൽ വിദഗ്ധര്‍ക്ക് ധാരണയില്ല. അതുകൊണ്ടുതന്നെ വിശദമായ പഠനത്തിന് ഒരുങ്ങുകയാണ് സംഘം. നിലവില്‍ ഫാക്ലാൻഡ് ദ്വീപുകളിൽ കണ്ടുവരുന്ന ഗെൻ്റൂ പെൻഗ്വിനുകളെയാണ് പഠനത്തിനു വിധേയമാക്കുക.

ഇതുവരെ നടന്ന പരിശോധനകളില്‍ ഇവയുടെ വിസര്‍ജ്യത്തിൽ ഫോസ്ഫൈൻ ഉണ്ടെന്നു ഉറപ്പാക്കിയിട്ടുണ്ടെന്നും പക്ഷെ അവ എങ്ങനെയാണ് ഉണ്ടാകുന്നതെന്ന് ഉറപ്പില്ലെന്നും സംഘത്തിലെ വിദഗ്ധനായ ഡോ. ഡേവ് ക്ലെമൻ്റസ് പറഞ്ഞു. ഇവയുടെ ശരീരത്തിനുള്ളിലുള്ള ചില ബാക്ടീരിയകളാണ് ഫോസ്ഫൈൻ ഉണ്ടാക്കുന്നതെന്നും ഇദ്ദേഹം വ്യക്തമാക്കി. ഒരുപക്ഷെ മറ്റു ചില ബാക്ടീരിയകള്‍ക്കെതിരെ പ്രവര്‍ത്തിക്കുമ്പോഴായിരിക്കാം ഈ രാസവസ്തു ഇവ പുറപ്പെടുവിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭൂമിയുടെതിനു സമാനമായി ശുക്രഗ്രഹത്തിനും അന്തരീക്ഷമുണ്ട്. ശുക്രൻ്റെ അന്തരീക്ഷത്തിൽ കാണപ്പെടുന്ന ഫോസ്ഫൈൻ്റെ അംശം കഴിഞ്ഞ വര്‍ഷമാണ് പെൻഗ്വിനുകളിൽ കണ്ടെത്തിയത്.