കൊവിഡ് പ്രതിരോധത്തിലെ വീഴ്ചക്കെതിരായ സമരത്തിൽ കൊവിഡ് മാനദണ്ഡ ലംഘനം; കോണ്‍ഗ്രസിന് 1.10 ലക്ഷം രൂപ പിഴ

single-img
13 September 2021

കൊവിഡ് പ്രതിരോധത്തില്‍ സംഭവിച്ച വീഴ്ചകള്‍ക്കെതിരെ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരെ സമരം ചെയ്ത കോണ്‍ഗ്രസിന് കൊവിഡ് മാനദണ്ഡം ലംഘിച്ചതിന് 1.10 ലക്ഷം രൂപ പിഴ. പാലക്കാട്ടെ പുതുശ്ശേരി കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റിക്കാണ് പിഴ ശിക്ഷ വിധിച്ചത്.

വാക്‌സിനേഷന്‍ പക്രിയയിലെ അപാകത, ശബരിമല, സ്വര്‍ണക്കടത്ത്, ടോള്‍, കാര്‍ഷിക നിയമം, ലക്ഷദ്വീപ്, മരംമുറി, ചെക്‌പോസ്റ്റിലെ കൈക്കൂലി തുടങ്ങിയ വിവിധ പ്രശ്‌നങ്ങള്‍ക്കെതിരെയാണ് ബ്ലോക്ക്, മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ സമരം നടത്തിയത്. പ്രവര്‍ത്തകരില്‍ നിന്ന് പിരിവെടുത്ത് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലെ അദാലത്തില്‍ പിഴയൊടുക്കി.

പുതുശ്ശേരി, എലപ്പുള്ളി, കൊടുമ്പ്, മരുതറോഡ് പഞ്ചായത്തുകളിലാണ് പ്രധാനമായി സമരങ്ങള്‍ നടന്നത്. വാളയാര്‍, കസബ സ്റ്റേഷനുകളിലായാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഓരോ മണ്ഡലം പ്രസിഡന്റിന്റെയും പേരില്‍ 15 വരെ കേസുകള്‍ ചാര്‍ജ് ചെയ്‌തെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.