കോവിഡ് ഭേദമാകാൻ വ്യാജ ചികിത്സ; യുപി സ്വദേശി കാസര്‍കോട് പിടിയിൽ

single-img
9 September 2021

കോവിഡ് അതിവേഗം ഭേദമാകാനെന്ന പേരില്‍ വ്യാജ ചികിത്സ നൽകിയ യുപി സ്വദേശി കാസര്‍കോട് പിടിയിൽ. യുപിയിലെ ചന്തോളി പീതകാംപൂര സ്വദേശി വിനീത പ്രസാദ്(29) ആണ് മഞ്ചേശ്വരം പൊലീസിന്റെ പിടിയിലായത്.

വെറും 3 ദിവസത്തിനുള്ളിൽ കോവിഡ് ഭേദമാകുമെന്ന ബോർഡ് തൂക്കിയായിരുന്നു ഇയാള്‍ ചികിത്സ നടത്തിയിരുന്നത്. ഉപ്പളയ്ക്ക് സമീപം മണിമുണ്ടയിലെ സ്വകാര്യ വ്യക്തിയുടെ വാടക കെട്ടിടത്തിൽ താമസിച്ചാണ് ഇയാള്‍ മരുന്നുകൾ നൽകിയിരുന്നത്.

‘യുപി മോഡൽ ചികിത്സ’ എന്ന് പറഞ്ഞാണ് മരുന്നുകൾ നൽകിയിരുന്നത്. മറ്റുള്ള സംസ്ഥാനങ്ങളിലെ തൊഴിലാളികളെ കേന്ദ്രീകരിച്ചാണു വിൽപന കൂടുതലും നടന്നത്. ഇതുവരെ നിരവധി ആളുകള്‍ ഇയാളുടെ പക്കൽ നിന്നും മരുന്ന് വാങ്ങിയതായാണ് സംശയം. ഇയാളുടെ താമസ സ്ഥലത്തു നിന്നും ധാരാളം മസാലക്കൂട്ടുകളും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

മഞ്ചേശ്വരം താലൂക്ക് ആശുപത്രിയിലെ ഹെൽത്ത് ഇൻസ്പെക്ടര്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. എന്നാല്‍ പോലീസിന് ഇതുവരെ വിനീത് പ്രസാദിന്റെ മരുന്ന് കഴിച്ച ഒരാളെ പോലും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ആഗസ്റ്റ്‌ മാസം 15നാണു വിനീത് പ്രസാദ് കാസര്‍കോട് ജില്ലയിലെത്തിയത്. അറസ്റ്റ് ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.