കേന്ദ്ര വിഹിതത്തിലെ കുറവ് സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ഗുരുതരമാക്കും: മന്ത്രി കെ എന്‍ ബാലഗോപാല്‍

single-img
8 September 2021

കേന്ദ്ര സർക്കാർ നൽകുന്ന വിഹിതത്തിലെ കുറവ് കാരണം സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ഗുരുതരമാകുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. സംസ്ഥാനം അഭിമുഖീകരിക്കുന്ന ലോക്ഡൗണ്‍ പ്രതിസന്ധിയിലെ വരുമാന നഷ്ടങ്ങള്‍ക്കിടയിലാണ് പുതിയ പ്രതിസന്ധി. മുൻപെങ്ങും ഇല്ലാത്തവിധം തകര്‍ച്ചയാണ് കഴിഞ്ഞ ഒന്നര വര്‍ഷമായി നികുതി വരുമാനത്തിലും നികുതി ഇതര വരുമാനത്തിലും സര്‍ക്കാര്‍ നേരിടുന്നത്.

ഇപ്പോഴും ട്രഷറി പൂട്ടാതെ കാക്കുന്നത് കേന്ദ്ര വായ്പയും വിഹിതവുമാണ്. അതേസമയം അടുത്ത ജൂലൈ മുതല്‍ ജിഎസ്ടി വിഹിതമുണ്ടാകില്ലെന്ന് കേന്ദ്രം ഇപ്പോൾ തന്നെ വ്യക്തമാക്കിക്കഴിഞ്ഞു. ഇതോടൊപ്പം സംസ്ഥാനങ്ങള്‍ക്ക് നല്‍കേണ്ട നികുതി വിഹിതം കുറച്ചതും തിരിച്ചടിയായി. മുൻപ് ഉണ്ടായിരുന്ന വാറ്റില്‍ നിന്നും ജിഎസ്ടിയിലേക്ക് മാറിയപ്പോള്‍ സംസ്ഥാനങ്ങള്‍ക്ക് ഉണ്ടാകുന്ന നികുതിവരുമാനത്തിലെ കുറവ് നികത്താനായിരുന്നു ജിഎസ്ടി വിഹിതം.

വരുന്ന സാമ്പത്തിക വര്‍ഷം കേരളത്തിന് ഈയിനത്തില്‍ മാത്രം 13,000 കോടി നഷ്ടമാകും. റവന്യു കമ്മി ഗ്രാന്റ് ഈ വര്‍ഷം കിട്ടിയത് 19000 കോടിയായിരുന്നു. എന്നാല്‍ അടുത്ത വര്‍ഷമാകുമ്പോള്‍ ഇത് 15000 കോടി മാത്രമാകും. 2023-24സാമ്പത്തിക വര്‍ഷം നാലായിരം കോടിയും.