പോലീസിലല്ല കേരളത്തിലെ സിപിഎമ്മിലാണ് ആര്‍എസ്എസ് ഗ്യാങ്ങ് പ്രവര്‍ത്തിക്കുന്നത്: കെ സുധാകരന്‍

single-img
7 September 2021

കേരളാ പോലീസിലല്ല സംസ്ഥാനത്തെ സി പി എമ്മിലാണ് ആര്‍ എസ്എസ് ഗ്യാങ്ങ് പ്രവര്‍ത്തിക്കുന്നതെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ എം പി. കേരളത്തില്‍ ഇപ്പോള്‍ സ്ത്രീ പീഡനങ്ങളും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും വര്‍ദ്ധിക്കുന്നതില്‍ ആശങ്ക രേഖപ്പെടുത്തിക്കൊണ്ടാണ് കഴിഞ്ഞ ദിവസം സി പി ഐ. ദേശീയ നേതാവ് ആനി രാജ കേരളാ പൊലീസില്‍ ആര്‍ എസ്എ സ് ഗ്യാങ്ങ് ഉണ്ടെന്ന് പ്രസ്താവന നടത്തിയത്.

എന്നാല്‍ സി പി എമ്മിനുള്ളില്‍ ആര്‍ എസ്എ സ് ഉണ്ട് എന്നതിന്റെ തെളിവാണ് സ്വര്‍ണ്ണക്കടത്ത് കേസും കൊടകര കുഴല്‍പ്പണക്കേസും ആവിയായിപ്പോയതെന്നും സുധാകരൻ ആരോപിച്ചു.അടുത്തിടെ കേരളത്തില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട രണ്ടു കേസുകളും ഇന്ന് എവിടെയാണ് എത്തി നില്‍ക്കുന്നത്.

കൊടകരയിലെ കുഴല്‍പ്പണക്കേസില്‍ മുഖ്യ പ്രതിയാകുമെന്ന് പറഞ്ഞ, കെ സുരേന്ദ്രന്‍ സാക്ഷിയായി മാറിയതെങ്ങനെയെന്ന് സി പി എം നേതൃത്വം മറുപടി പറയണം. ഇടതു സര്‍ക്കാരിന്റെ സ്ത്രീവിരുദ്ധ നിലപാടുകളെ ചോദ്യം ചെയ്തതിന്റെ പേരില്‍ സി പി ഐ സംസ്ഥാന നേതൃത്വം വനിതാ നേതാവിനെതിരെ ശബ്ദിക്കുന്നത് പിണറായിയെ തൃപ്തിപ്പെടുത്താന്‍ മാത്രമാണെന്നും സുധാകരന്‍ ആരോപിച്ചു.

സ്ത്രീകളുടെ സ്വാതന്ത്ര്യത്തെക്കുറിച്ചും സുരക്ഷയെക്കുറിച്ചും സംസാരിക്കുന്നവര്‍ക്ക് അതിനോട് തെല്ലും ആത്മാര്‍ത്ഥതയില്ല എന്നതിന്റെ തെളിവാണ് ആനിരാജക്കെതിരായ അഭിപ്രായ പ്രകടനങ്ങളെന്നും സുധാകരന്‍ പറഞ്ഞു.