മമ്മൂട്ടി@ 70; പി ഐ മുഹമ്മദ് കുട്ടിയില്‍ നിന്നും മമ്മൂട്ടി എന്ന മെഗാസ്റ്റാറിലേക്കുള്ള വളർച്ച

single-img
7 September 2021

മലയാള സിനിമയുടെനിത്യഹരിത നടന വിസ്മയമായ മമ്മൂട്ടിയ്ക്ക് ഇന്ന് എഴുപതാം പിറന്നാള്‍. അഞ്ച് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ‘അനുഭവങ്ങള്‍ പാളിച്ചകള്‍’ എന്ന സിനിമയില്‍ വെറും മുപ്പത്തിയെട്ട് സെക്കന്‍ഡ് നീണ്ടു നിന്ന ദൃശ്യത്തില്‍ തുടങ്ങി ഇന്നും തീരാത്ത ഭാവപകര്‍ച്ചകളുമായി ഇന്നും സിനിമ ലോകത്തെ വിസ്മയിപ്പിക്കുകയാണ്. മലയാളത്തിനു പുറമെ ഹിന്ദി, തെലുങ്ക്, കന്നഡ, തമിഴ് തുടങ്ങിയ അന്യ ഭാഷാ സിനിമകളിലും അദ്ദേഹം തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

മമ്മൂട്ടിക്ക് ആദ്യമായ് താര പദവി നേടിക്കൊടുത്ത ചിത്രമാണ് ‘യവനിക’. ഇതിൽ അദ്ദേഹം അവതരിപ്പിച്ച ശക്ത്തമായ പോലീസ് കഥാപാത്രം പിൽക്കാലത്ത് തരംഗമായ് മാറി. മമ്മൂട്ടി നായകനായി 1990-ൽ പുറത്തിറങ്ങി വളരെ അധികം പരാമർഷിക്കപ്പെട്ട കുറ്റാന്വേഷണ ചിത്രമാണ് ഒരു ‘സിബിഐ ഡയറി കുറിപ്പ്’. പിന്നീട് ഇതേ പശ്ചാത്തലത്തിൽ ജാഗ്രത, സേതുരാമയ്യർ സിബിഐ, നേരറിയാൻ സിബിഐ എന്നിങ്ങനെ മൂന്നു ചിത്രങ്ങൾ കൂടി പുറത്തിറങ്ങി. എം ടി വാസുദേവൻ‌ നായരുടെ അക്ഷരങ്ങൾ, സുകൃതം, കേരള വർമ്മ പഴശ്ശിരാജ തുടങ്ങിയ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

അദ്ദേഹം അവതരിപ്പിച്ച പല വേഷങ്ങളും കാലാതീതവും കാലത്തോട് കലഹിക്കുന്നവയുമായിരുന്നു. മാടയും, വാറുണ്ണിയുമായ പ്രതിഭയ്ക്ക് അംബേദ്ക്കറായി മാറാനും അനായാസമായിരുന്നു. ഓരോ വേഷങ്ങളും സ്‌ക്രീനുകളെ ജ്വലിപ്പിച്ചു നിർത്തി. സിനിമയുടെ സകല പരിമിതികൾക്കും അപ്പുറത്ത് ജനമനസുകളിൽ നിത്യനായകനായി.

മമ്മൂട്ടിക്ക് ആദ്യമായ് മികച്ച നടനുള്ള സംസ്ഥാന പുരസ്ക്കാരവും, ഫിലിം ഫെയർ പുരസ്ക്കാരവും നേടിക്കൊടുത്തത് ‘അടിയൊഴുക്കുകൾ’ എന്ന ചിത്രമാണ്‌. മലയാളത്തിൽ ഏറ്റവുമധികം പുതുമുഖ സംവിധായകർക്ക് അവസരം നൽകിയ മറ്റൊരു സൂപ്പർസ്റ്റാർ ഉണ്ടാവില്ല. ലാല്‍ജോസും അമല്‍ നീരദും ആഷിക് അബുവും അന്‍വര്‍ റഷീദുമൊക്കെയായി പല കാലങ്ങളിലായി എഴുപതിലേറെ പുതുമുഖസംവിധായകരാണ് മമ്മൂട്ടി ചിത്രങ്ങളിലൂടെ സംവിധാനരംഗത്തെത്തിയത്.

പി ഐ മുഹമ്മദ് കുട്ടിയില്‍ നിന്നും മമ്മൂട്ടി എന്ന മെഗാസ്റ്റാറിലേക്ക് വളര്‍ന്ന അദ്ദേഹത്തിന്റെ ജീവിതകാലം മലയാള സിനിമയുടെ കൂടി വളര്‍ച്ചാഘട്ടമാണ്. തന്റെ അഭിനയ ജീവിതത്തില്‍ ഇതുവരെ മൂന്ന് തവണ മികച്ച നടനുള്ള ദേശീയപുരസ്‌കാരം. അഞ്ചു തവണ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്രപുരസ്‌കാരം. 12 തവണ ഫിലിംഫെയര്‍ (ദക്ഷിണേന്ത്യന്‍) പുരസ്‌കാരം.

ഇതിനെല്ലാം പുറമേ 1998ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു. 2010 ജനുവരിയില്‍ കേരള സര്‍വകലാശാലയും, ആ വര്‍ഷം ഡിസംബറില്‍ തന്നെ കാലിക്കറ്റ് സര്‍വകലാശാലയും ഹോണററി ഡോക്ടറേറ്റ് നല്‍കിയും മമ്മൂട്ടിയെ ആദരിച്ചിട്ടുണ്ട്.

കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്ത് ചെമ്പ് എന്ന സ്ഥലത്ത് 1951 സെപ്റ്റംബര്‍ 7 നാണ് പി.ഐ. മുഹമ്മദ് കുട്ടി എന്ന മമ്മുട്ടി ജനിക്കുന്നത്. സിനിമയെ മനസില്‍ കൊണ്ടു നടക്കുമ്പോള്‍ തന്നെ അഭിഭാഷകനായി. രണ്ടു വര്‍ഷം മഞ്ചേരിയില്‍ അഭിഭാഷക ജോലി. പിന്നീട് അഭിനയ രംഗത്തേക്ക്. എണ്‍പതുകളുടെ തുടക്കത്തില്‍ മലയാള ചലച്ചിത്രരംഗത്ത് ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ കൊണ്ട് അടയാളപ്പെടുത്തി.

സെപ്തംബര്‍ 7 ന് മമ്മുട്ടിയ്ക്ക് 70 വയസ് തികയുമ്പോള്‍ എഴുപതിറ്റാണ്ടിന്റെ ചെറുപ്പം എന്ന പ്രയോഗം ആവര്‍ത്തന വിരസത സൃഷ്ടിച്ചേക്കാം. എന്നാല്‍ അഭിനയത്തോടുള്ള തീരാത്ത അഭിനിവേശമാണ് ആ മനുഷ്യനെ ഇന്നും സൂപ്പര്‍ സാറ്റാര്‍ പദവിയില്‍ നിലനിര്‍ത്തുന്നത്.