ആര്‍എസ്എസിനെ താലിബാനുമായി താരതമ്യം ചെയ്തത് ഹിന്ദു സംസ്കാരത്തോടുളള അനാദരവ്; ജാവേദ് അക്തറിനെതിരെ ശിവസേന

single-img
6 September 2021

ആര്‍എസ്എസിനെ പോലുളള ഹെെന്ദവ സംഘടനകളെ താലിബാനുമായി താരതമ്യം ചെയ്തത് ഹിന്ദു സംസ്കാരത്തോടുളള അനാദരവാണെന്ന് ശിവസേന. ആര്‍എസ്എസിനെ അഫ്ഗാനിലെ താലിബാനുമായി താരതമ്യം ചെയ്ത ബോളിവുഡിലെ പ്രശസ്ത ഗാനരചയിതാവും തിരക്കഥാകൃത്തുമായ ജാവേദ് അക്തറിന്റെ പ്രസ്താവന കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.

ഇന്ത്യ സഹിഷ്ണുതയുളള ഒരു ജനാധിപത്യ രാജ്യമാണെന്നും ഒരു തരത്തിലുളള ഇസ്ലാമിക മതമൗലികവാദിയുമായും താരതമ്യം ചെയ്യാനാവില്ലെന്നും ജാവേദ് അക്തറിനെതിരെ ശിവസേന മുഖപത്രമായ ‘സാമ്‌ന’യിൽ പറയുന്നു. മാത്രമല്ല, ആര്‍എസ്എസ് ഒരു ‘രാഷ്ട്രനിർമ്മാണ സംഘടന’യാണെന്നും ശിവസേന അഭിപ്രായപ്പെട്ടു.

രാജ്യത്തെ ഹിന്ദുക്കളുടെ അവകാശങ്ങൾ അടിച്ചമർത്തപ്പെടരുതെന്ന് മാത്രം ആഗ്രഹിക്കുന്ന ഈ സംഘടന താലിബാൻ ചെയ്തതുപോലെ, രാജ്യത്തെ പൗരന്മാർക്കോ സ്ത്രീകൾക്കോ ​​ഒരു നിയന്ത്രണവും ഏർപ്പെടുത്തിയിട്ടില്ലെന്നും ലേഖനത്തില്‍ പറയുന്നു. പക്ഷെ അഫ്ഗാനിസ്ഥാനിലെ അവസ്ഥ ഹൃദയഭേദകമാണ്. പലരും ഭയത്താൽ സ്വന്തം രാജ്യത്തു നിന്ന് പലായനം ചെയ്തു. സ്ത്രീകളുടെ അവകാശങ്ങൾ അടിച്ചമർത്തപ്പെടുന്നതായും ‘സാമ്‌ന’ മുഖപ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.

ജാവേദ് അക്തർ ആർ എസ്എസിനെ താലിബാനോടുപമിച്ച നടപടിയിൽ പരസ്യമായി ക്ഷമാപണം നടത്തണമെന്ന ആവശ്യത്തെ ശിവസേനയും പിന്തുണച്ചു. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ പ്രസ്താവനയ്ക്കെതിരെ ബി ജെ പിയും എതിർപ്പ് ഉയർത്തിയിരുന്നു.