പാർട്ടി തീരുമാനത്തെ അംഗീകരിക്കാത്തവർ പുറത്ത് പോകണമെന്ന പ്രസ്താവന; ഉണ്ണിത്താനോട് വിശദീകരണം തേടാൻ കെപിസിസി

single-img
6 September 2021

ഡിസിസി പുനസംഘടനയുമായി ബന്ധപ്പെട്ട കോൺഗ്രസിലെ പ്രശ്നങ്ങള്‍ക്ക് താല്‍ക്കാലിക പരിഹാരമായി രാജ്മോഹൻ ഉണ്ണിത്താനോട് വിശദീകരണം തേടാൻ കെപിസിസിയുടെ തീരുമാനം. പാർട്ടിയുടെ തീരുമാനത്തെ അംഗീകരിക്കാത്തവർ പുറത്ത് പോകണമെന്ന് ഉണ്ണിത്താന്റെ പ്രസ്താവനക്കെതിരെ നടപടി വേണണെന്ന ഉമ്മൻചാണ്ടിയുടേയും ചെന്നിത്തലയുടേയും ആവശ്യം സംസ്ഥാന നേതൃത്വം അംഗീകരിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയുമായി കെ സുധാകരനും വിഡി സതീശനും നടത്തിയ ചർച്ചയിൽ അഭിപ്രായ ഭിന്നതകൾ മാറ്റിവച്ച് യോജിച്ച് നീങ്ങാൻ ധാരണയായ പിന്നാലെയാണ് ഉണ്ണിത്താനോട് വിശദീകരണം തേടുന്നത്.

കേന്ദ്ര നേതൃത്വം ഇടപെടാതെ സംസ്ഥാനത്ത് തന്നെ പ്രശ്നപരിഹാരമുണ്ടായതോടെ താരിഖ് അൻവറിൻറെ കേരള യാത്ര റദ്ദാക്കി. ഇന്നലെ ചെന്നിത്തലയും ഉമ്മൻചാണ്ടിയും സുധാകരനും സതീശനും ഒരുമിച്ചിരുന്നു ചർച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയില്‍ തങ്ങളെക്കൂടി വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോകണമെന്നായിരുന്നു ഉമ്മൻചാണ്ടിയുടേയും ചെന്നിത്തലയുടേയും പ്രധാന ആവശ്യം. ഇക്കാര്യത്തിലുള്ള ഉറപ്പ് കെപിസിസി അധ്യക്ഷനും പ്രതിപക്ഷനേതാവും നൽകുകയും ചെയ്തിരുന്നു.