നിപ: കണ്ണൂർ, വയനാട്, മലപ്പുറം ജില്ലകളിൽ കൂടുതൽ ജാഗ്രത വേണമെന്ന് കേന്ദ്രം

single-img
6 September 2021

സംസ്ഥാനത്തെ കോഴിക്കോട് ജില്ലയില്‍ നിപ വൈറസ് ബാധിച്ച് പന്ത്രണ്ടു വയസുകാരൻ മരിച്ച പശ്ചാത്തലത്തിൽ മാർഗനിർദ്ദേശവുമായി കേന്ദ്രസര്‍ക്കാര്‍. രോഗം സ്ഥിരീകരിച്ച കോഴിക്കോടിന്റെ സമീപ ജില്ലകളായ കണ്ണൂർ, വയനാട്, മലപ്പുറം ജില്ലകളിൽ കൂടുതൽ ജാഗ്രത വേണമെന്ന് കേന്ദ്രം സംസ്ഥാനത്തിനയച്ച കത്തിൽ നിര്‍ദ്ദേശം നല്‍കി. കേന്ദ്രത്തിനായി ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൻ ചീഫ് സെക്രട്ടറി വി പി ജോയ്ക്ക് അയച്ച കത്തിലാണ് നിർദ്ദേശങ്ങളുള്ളത്.

അതേസമയം, നിപ ബാധിച്ചു മരിച്ച കുട്ടിയുടെ വീട് കഴിഞ്ഞ ദിവസം കേന്ദ്ര സംഘം സന്ദർശിച്ചിരുന്നു.ഈ സംഘം നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യ സെക്രട്ടറി ഇപ്പോള്‍ കത്തയച്ചത്. ജാഗ്രതയ്ക്ക് പുറമേ രോഗികളുമായി സമ്പർക്കമുള്ളവരെ ഹൈ റിസ്ക് കോണ്ടാക്ട്, ലോ റിസ്ക് കോണ്ടാക്ട് എന്നിങ്ങനെ രണ്ടായി തിരിക്കണം. ആന്റി ബോഡി മരുന്നായ റിബാവെറിൻ, ആരോഗ്യ സംരക്ഷണ ഉപകരണങ്ങൾ എന്നിവ ഉണ്ടെന്ന് ഉറപ്പ് വരുത്തണമെന്നും നിർദ്ദേശത്തിൽ പറയുന്നു.