മധ്യപ്രദേശിലെ എംബിബിഎസ്‌ വിദ്യാർത്ഥികൾക്ക് പഠിക്കാന്‍ സംഘപരിവാർ നേതാക്കളുടെ ജീവചരിത്രവും; സിലബസില്‍ ഉള്‍പ്പെടുത്തി

single-img
6 September 2021

മധ്യപ്രദേശില്‍ ഇനിമുതല്‍ എംബിബിഎസ്‌ വിദ്യാർത്ഥികൾക്ക് പഠിക്കാന്‍ സംഘപരിവാർ നേതാക്കളുടെ ജീവചരിത്രവും ഉണ്ടാടും. ആർ എസ്‌ എസ്‌ നേതാക്കളായിരുന്ന ഹെഡ്ഗെവാർ, ദീൻ ദയാൽ ഉപാധ്യായ എന്നിവരുടെ ജീവചരിത്രം ഇതിന്റെ ഭാഗമായി സിലബസിൽ ഉൾപ്പെടുത്തിക്കഴിഞ്ഞു.

ആര്‍എസ്എസിന്റെ സ്ഥാപകനായ കേശവ ബൽറാം ഹെഡ്ഗെവാറിന്റെയും ഇന്നത്തെ ബി ജെ പിയുടെ ആദ്യ രൂപമായ ജനസംഘത്തിന്റെ സ്ഥാപകനായ ദീൻ ദയാൽ ഉപാധ്യായയുടെയും ജീവചരിത്രമാണ് വിദ്യാർത്ഥികൾ പഠിക്കേണ്ടത്. ഒന്നാംവർഷത്തിലെ ഫൗണ്ടേഷന്‍ കോഴ്സിന്റെ ഭാഗമായി ഇവരുടെ ജീവചരിത്രം പഠിപ്പിക്കണമെന്ന് മധ്യപ്രദേശ് ആരോഗ്യ മന്ത്രി വിശ്വാസ് സംരംഗ് ആണ് നിർദേശം നൽകിയത്.

വിശദീകരണമായി മൂല്യാധിഷ്ഠിത വിദ്യാഭ്യാസം നൽകുന്നതിനും ബൗദ്ധിക വികാസത്തിനുമായി മഹാന്മാരുടെ ജീവിതം പഠിപ്പിക്കുകയാണെന്നു മന്ത്രി അറിയിക്കുകയും ചെയ്തു. അതേസമയം, രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടിയ നാൾ മുതൽ നെഹ്‌റുവിനെ പഠിക്കുന്നത് കൊണ്ടാണ് സിലബസിൽ ഉൾപ്പെടുത്താതിരുന്നതെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം, വിഷയത്തില്‍ കടുത്ത എതിര്‍പ്പുമായെത്തിയ പ്രതിപക്ഷം സവർക്കറുടെയും നാഥുറാം ഗോഡ്സേയുടെയും ജീവചരിത്രം കൂടി പഠിപ്പിക്കണമെന്ന് പറഞ്ഞ് പരിഹസിച്ചു . സവർക്കർ എത്ര തവണ ബ്രിട്ടീഷുകാർക്ക് മാപ്പ് എഴുതി നൽകിയെന്നും ഗോഡ്‌സെ രാഷ്ട്രപിതാവിനെ വധിച്ചത് എന്തിനാണാണെന്നും സിലബസിൽ ഉൾപ്പെടുത്തണമെന്ന് കോൺഗ്രസ് നേതാവ് അരുൺ യാദവ് പരിഹസിച്ചു.