ജാർഖണ്ഡ് നിയമസഭയുടെ ഉള്ളില്‍ ഹനുമാൻ ക്ഷേത്രത്തിനും സ്ഥലം അനുവദിക്കണം; പ്രതിഷേധവുമായി ബിജെപി

single-img
5 September 2021

ജാർഖണ്ഡ് നിയമസഭയുടെ ഉള്ളിൽ നമസ്‌കാരമുറി ആരംഭിച്ചതിന് പിന്നാലെ സഭാ കെട്ടിടത്തിൽ ഹനുമാൻ ക്ഷേത്രത്തിനും സ്ഥലം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി എംഎല്‍എമാര്‍ പ്രതിഷേധത്തിൽ. ഇതുമായി ബന്ധപ്പെട്ട് ബിജെപി എംഎൽ എമാർ സ്പീക്കർ രബീന്ദ്രനാഥ് മാത്തോയെ സമീപിച്ചു.

കഴിഞ്ഞ ദിവസമായിരുന്നു ജാർഖണ്ഡ് നിയമസഭാ കെട്ടിടത്തിനകത്ത് നമസ്‌കാരത്തിനായി പ്രത്യേക മുറി അനുവദിച്ചത്. സംസ്ഥാനത്തെ ഹേമന്ദ് സോറന്റെ നേതൃത്വത്തിലുള്ള ജാർഖണ്ഡ് മുക്തി മോർച്ച(ജെഎംഎം) സർക്കാർ പ്രീണനരാഷ്ട്രീയം കളിക്കുകയാണെന്നും നടപടി മതധ്രുവീകരണത്തിനിടയാക്കുമെന്നും ബിജെപി ആരോപിച്ചു.

നമ്മുടെ ഭരണഘടനപ്രകാരം രാജ്യത്ത് എല്ലാവർക്കും സ്വന്തം ഇഷ്ടപ്രകാരമുള്ള വിശ്വാസം പുലർത്താൻ സ്വാതന്ത്ര്യമുണ്ട്. എന്നാൽ, ഇതോടൊപ്പം തന്നെ പാർലമെന്റും നിയമസഭകളുമെല്ലാം ജനാധിപത്യത്തിന്റെ ശ്രീകോവിലുകളായാണ് പരിഗണിക്കപ്പെടുന്നത്. അവ ഏതെങ്കിലും പ്രത്യേക മതങ്ങൾക്കുള്ളതല്ല. അതുകൊണ്ട്, നിയമസഭാ സ്പീക്കർ നമസ്‌കാരത്തിന് സ്ഥലം അനുവദിക്കുകയാണെങ്കിൽ ഹനുമാൻ ക്ഷേത്രം നിർമിക്കാനുമുള്ള സ്ഥലവും വേണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു-റാഞ്ചിയിൽനിന്നുള്ള ബിജെപി എംഎൽഎയായ സിപി സിങ് പ്രതികരിച്ചു.