സുരേന്ദ്രന്‍ പുറത്തേക്ക്; ബിജെപി സംസ്ഥാന അധ്യക്ഷനായി സുരേഷ്‌ഗോപി എത്താന്‍ സാധ്യത

single-img
5 September 2021

കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ നേരിട്ട ദയനീയ പരാജയത്തിന് പിന്നാലെ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ കുരുക്കി കോഴ ആരോപണം അടക്കം ഉയര്‍ന്ന സാഹചര്യത്തില്‍ നേതൃമാറ്റത്തിന് കളം ഒരുങ്ങുന്നു. നിലവിലെ സാഹചര്യത്തില്‍ കെ സുരേന്ദ്രനെ മാറ്റണമെന്ന ആവശ്യം എതിര്‍പക്ഷം ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

ബിജെപിയുടെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടില്‍ നേതൃത്വത്തെ നിശിതമായി വിമര്‍ശിക്കുന്നുണ്ട്. ഇതിനിടെയാണ് സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് രാജ്യസഭാ എംപി കൂടിയായ സുരേഷ്‌ഗോപി എത്തുമെന്ന സൂചനകള്‍ വരുന്നത്. ഇതിനായി ഇപ്പോള്‍ സുരേഷ് ​ഗോപിയുമായുള്ള ചർച്ച നടക്കുകയാണെന്നാണ് വിവരം. ഒരുപക്ഷെ സിനിമാ തിരക്കുകളുമായി ബന്ധപ്പെട്ട് സുരേഷ് ​ഗോപി മാറിനിൽക്കുമെന്നും റിപ്പോർട്ടുകളുണ്ട്. അങ്ങനെ സംഭവിച്ചാല്‍ മുൻ ഐ പി എസ് ഉദ്യോ​ഗസ്ഥൻ കൂടിയായ ജേക്കബ് തോമസിനെ പരി​ഗണിക്കാനാണ് സാധ്യത.

കെ സുരേന്ദ്രനെയും കൊടകര കുഴല്‍പണകേസില്‍ ആരോപണ വിധേയനായ സംഘടനാ സെക്രട്ടറി ഗണേഷിനെയും മാറ്റുന്നതില്‍ കേരളത്തിലെ ആര്‍എസ്എസിനെ മാറ്റി അമിത്ഷാ തന്നെ തീരുമാനമെടുത്തേക്കും. നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ അവസാന ഘട്ടത്തില്‍ സുരേഷ് ഗോപി ഉണ്ടാക്കിയ തരംഗം നേതൃത്വത്തിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇതോടൊപ്പം തന്നെ സജീവമായി ജനകീയ വിഷയങ്ങളില്‍കൂടി ഇടപെടണമെന്ന സമിതി റിപ്പോര്‍ട്ടും കൂടി പരിഗണിച്ചാല്‍ സുരേഷ്‌ഗോപിക്കാണ് സാധ്യത കൂടുതല്‍.