ദീപ്തി സതി അവതരിപ്പിക്കുന്ന വലിയ കോവിലകത്തെ സാവിത്രി തമ്പുരാട്ടി; വൈറലായി “പത്തൊന്‍പതാം നൂറ്റാണ്ട്” ക്യാരക്ടര്‍ പോസ്റ്റര്‍

single-img
5 September 2021

വിനയന്‍ സംവിധാനം ചെയ്യുന്ന “പത്തൊന്‍പതാം നൂറ്റാണ്ട്” എന്ന സിനിമയുടെ നാലാമത്തെ ക്യാരക്ടര്‍ പോസ്റ്റര്‍ റിലീസായിയിരുന്നു . ദീപ്തി സതി അവതരിപ്പിക്കുന്ന വലിയ കോവിലകത്തെ സാവിത്രി തമ്പുരാട്ടിയെയാണ് സംവിധായകന്‍ വിനയന്‍ തന്റെ ഫേയ്സ് ബുക്ക് പേജിലൂടെ റിലീസ് ചെയ്തത്. ഈ പോസ്റ്റര്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്.

പോസ്റ്റര്‍ റിലീസ് ചെയ്ത് വിനയന്‍ പങ്കുവെച്ച കുറിപ്പ്:

“പത്തൊൻപതാം നൂറ്റാണ്ടി”ൻെറ നാലാമതു character poster ഇന്നു റിലീസു ചെയ്യുകയാണ്…
ശ്രീ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന വളരെ ബ്രഹുത്തായ ഈ ചരിത്ര സിനിമയിൽ അൻപതിലധികം പ്രമുഖ നടീനടൻമാർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.. പ്രിയതാരം ദീപ്തി സതി അവതരിപ്പിക്കുന്ന വലിയ കോവിലകത്തെ സാവിത്രി തമ്പുരാട്ടിയെ ആണ് ഇന്നത്തെ poster ലൂടെ നിങ്ങൾക്കു പരിചയപ്പെടുത്തുന്നത്..

വിദ്യാസമ്പന്നയും സുന്ദരിയുമായിരുന്ന സാവിത്രി തമ്പുരാട്ടി രാജ സദസ്സിൽ പോലും നൃത്തം അവതരിപ്പിക്കുന്ന നല്ലൊരു നർത്തകിയും കൂടി ആയിരുന്നു.. ആ കാലഘട്ടത്തിൽ തിരുവിതാംകുറിലെ താണജാതിക്കാർ അയിത്തത്തിൻെറ പേരിൽ അനുഭവിക്കുന്ന യാതനകൾ നേരിൽ കണ്ട സാവിത്രിയുടെ മനസ്സ് വല്ലാതെ ആകുലപ്പെട്ടു..

അതേ സമയം തന്നെ തീണ്ടലിൻെറയും തൊടീലിൻെറയും പേരിൽ നടക്കുന്ന മനുഷ്യത്വം ഇല്ലാത്ത പ്രവർത്തികൾക്കെതിരെ ആറാട്ടു പുഴയിൽ നിന്ന് ഒരാൾ ശക്തമായ എതിർപ്പ് ഉയർത്തിയിരുന്നു..
അധ:സ്ഥിതർക്കുവേണ്ടി മുഴങ്ങി കേട്ട ആ ശബ്ദം ആറാട്ടുപുഴ വേലായുധപ്പണിക്കരുടേതായിരുന്നു..
വേലായുധനെ നേരിൽകണ്ട് അഭിനന്ദിക്കുവാനും മനസ്സുകൊണ്ടു കൂടെ ഉണ്ടന്നു പറയുവാനും സാവിത്രി തമ്പുരാട്ടി ആഗ്രഹിച്ചു..

നന്നേ ചെറുപ്പമാണങ്കിലും മനക്കരുത്തുള്ള സ്ത്രീത്വവും, അശരണരോടു ദീനാനുകമ്പയുള്ള മനസ്സുമായി ജീവിച്ച സാവിത്രിക്കുട്ടിക്കു പക്ഷേ നേരിടേണ്ടി വന്നത് അഗ്നി പരീക്ഷകളായിരുന്നു. ദീപ്തി സതി എന്ന അഭിനേത്രി പ്രതീക്ഷകൾക്കുമപ്പുറം ആ കഥാപാത്രത്തിനു ജീവൻ നൽകി.