ഇരുട്ടുകൊണ്ട് ഓട്ടയടക്കാന്‍ കഴിയില്ല, പ്രശ്‌നങ്ങള്‍ ഉണ്ട്: വിഡി സതീശന്‍

single-img
5 September 2021

ഡിസിസി പുനസംഘടനയെ ചൊല്ലി കോണ്‍ഗ്രസിനുള്ളിലുണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള അനുനയചര്‍ച്ചകള്‍ക്ക് നേതാക്കളുടെ പൂര്‍ണ്ണപിന്തുണയാണ് ലഭിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍. ഇന്ന് വൈകിട്ട് രമേശ് ചെന്നിത്തലയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇടഞ്ഞുനില്‍ക്കുന്ന സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളെ അവരുടെ വീടുകളില്‍ ചെന്ന് സന്ദര്‍ശിച്ച് പരസ്പരമുള്ള തെറ്റിദ്ധാരണകള്‍ മാറ്റാനും ആശവിനിമയത്തില്‍ എന്തെങ്കിലും വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ പരിഹരിച്ച് ഒന്നിച്ചുമുന്നോട്ടുപോകാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒരിക്കലും മുതിര്‍ന്ന നേതാക്കളെ മാറ്റി നിര്‍ത്തുകയോ അപമാനിക്കുകയോ അവര്‍ക്ക് പ്രയാസമുണ്ടാക്കുകയോ പാടില്ല

അങ്ങിനെ സംഭവിച്ചു എന്ന് അവര്‍ക്ക് പരാതിയുണ്ടെങ്കില്‍ അതുകൂടി പരിഹരിച്ച് കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന് ആത്മവിശ്വാസമുണ്ട്. നിലവില്‍ തനിക്ക് രമേശ് ചെന്നിത്തലയുമായും ഉമ്മന്‍ചാണ്ടിയുമായും നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം ആ ആത്മവിശ്വാസം വര്‍ദ്ധിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ആശയ വിനിമയത്തിലുണ്ടായ ചില പാളിച്ചകളാണ് ഇപ്പോഴത്തെ പ്രശ്‌നത്തിന് കാരണം. ഇരുട്ടുകൊണ്ട് ഓട്ടയടക്കാന്‍ കഴിയില്ല. പ്രശ്‌നങ്ങള്‍ ഉണ്ട്.

സംഘടനയാകുമ്പോള്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് സ്വാഭാവികം. തുടര്‍ച്ചയായുള്ള ചര്‍ച്ചകള്‍ അഭിപ്രായ സമന്വയത്തില്‍ എത്തിക്കുമെന്നും വിഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, സതീശനുമായി സഹകരിക്കുമെന്ന് ചെന്നിത്തല പറഞ്ഞു.