‘ന്യൂനപക്ഷങ്ങള്‍ ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതയ്ക്കും ഭീഷണിയോ?’; വിവാദമായി സാക്ഷരതാ മിഷന്‍ പരീക്ഷയില്‍ ചോദ്യം

single-img
3 September 2021

സംസ്ഥാനത്തെ സാക്ഷരതാ മിഷന്‍ നടത്തിയ രണ്ടാം വര്‍ഷ ഹയര്‍ സെക്കണ്ടറി തുല്യതാ പരീക്ഷയിലെ രണ്ടാം വര്‍ഷ സോഷ്യോളജി ചോദ്യപേപ്പറിലെ ചോദ്യം വിവാദമാകുന്നു. ‘ന്യൂനപക്ഷങ്ങള്‍ ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതയ്ക്കും ഭീഷണിയോ?’ എന്നായിരുന്നു ചോദ്യം. സംഭവം വിവാദമായതോടെ പ്രസ്തുത ചോദ്യം തയ്യാറാക്കിയത് തങ്ങളല്ലെന്നും ഹയര്‍ സെക്കണ്ടറി ബോര്‍ഡ് ആണെന്നുമാണ് സാക്ഷരതാ മിഷന്‍ നല്‍കിയ വശദീകരണം.

അതേസമയം, പരീക്ഷയുടെ നടത്തിപ്പ് ചുമതല മാത്രമാണ് തങ്ങള്‍ക്ക് ഉള്ളതെന്നാണ് ഹയര്‍ സെക്കണ്ടറി വകുപ്പ് ഇതിനോട് പ്രതികരിച്ചത്. സംസ്ഥാന സാക്ഷരതാ മിഷന് വേണ്ടി വിദ്യാഭ്യാസ വകുപ്പാണ് പരീക്ഷ നടത്തുന്നത്. എട്ട് മാര്‍ക്കിന്റെ ചോദ്യത്തിന് രണ്ട് പുറത്തില്‍ ഉത്തരമെഴുതാനാണ് ഇതില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ആഗസ്റ്റ് ഒന്‍പതിനാണ് പരീക്ഷ നടത്തിയത്. ചോദ്യപേപ്പര്‍ മൂല്യനിര്‍ണയം നിലവില്‍ പൂര്‍ത്തിയാക്കി കഴിഞ്ഞിട്ടുണ്ട്. സോഷ്യോളജിയുടെ സിലബസില്‍ ഈ രീതിയില്‍ ഒരു ഭാഗമില്ലെന്നും ഈ ചോദ്യം മനപൂര്‍വ്വം സിലബസിന് പുറത്ത് നിന്ന് ഉള്‍പ്പെടുത്തിയതാണന്നുമുള്ള ആരോപണങ്ങളുയരുന്നുണ്ട്.