കാമുകിയോടൊപ്പം ജീവിക്കാന്‍ ഭാര്യയെയും മക്കളെയും കൊന്നുകുഴിച്ചുമൂടി; യുവാവ് പിടിയില്‍

single-img
2 September 2021

കാമുകിയോടൊപ്പം ജീവിക്കാനായി യുപിയില്‍ യുവാവ് ഭാര്യയെയും പിഞ്ചുകുഞ്ഞുങ്ങളെയും കൊലപ്പെടുത്തി കുഴിച്ചുമൂടി. ഇതിന് പിന്നാലെ വേറൊരാളെ കൊലപ്പെടുത്തുകയും ആ മൃതദേഹം ഉപയോഗിച്ച് താന്‍ കൊല്ലപ്പെട്ടതായി മറ്റുള്ളവരെ വിശ്വസിപ്പിക്കുകയും ചെയ്തു.

ഇതിനെല്ലാം ശേഷം മറ്റൊരു സംസ്ഥാനത്ത് മറ്റൊരു പേരില്‍ ഇയാള്‍ ജീവിതം ആരംഭിക്കുകയും ചെയ്തു. ഇപ്പോള്‍ മൂന്നു വര്‍ഷങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ കേസിന്റെ സങ്കീര്‍ണതകളഴിച്ച് ഉത്തര്‍ പ്രദേശ് പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു. യുപിയിലെ കസ്ഗഞ്ച് ജില്ലയില്‍ നിന്നാണ് കൊടും ക്രൂരതയുടെ വാര്‍ത്ത പുറത്തെത്തുന്നത്.

മൂന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പ് 2018- ഫെബ്രുവരിയിലാണ് രാകേഷ് എന്നയാള്‍ ഭാര്യയെയും മൂന്നും ഒന്നരയും വയസ്സ് പ്രായമുള്ള കുഞ്ഞുങ്ങളെയും കൊലപ്പെടുത്തിയത്. കൊലചെയ്ത ശേഷം മൃതദേഹങ്ങള്‍ വീടിനുള്ളില്‍ കുഴിച്ചിട്ട ശേഷം അവിടം സിമന്റിട്ട് മൂടുകയും ചെയ്തു. അതിന് ശേഷം മക്കളെയും ഭാര്യയെയും കാണാനില്ലെന്ന് പൊലീസില്‍ പരാതിയും നല്‍കി. ഭാര്യ തന്റെ മക്കളെയും കൊണ്ട് വീടുവിട്ടുപോയി എന്നായിരുന്നു രാകേഷ് പരാതിയില്‍ ഉന്നയിച്ചിരുന്നതെന്ന് കസ്ഗഞ്ച് പൊലീസ് മേധാവി രോഹന്‍ പ്രമോദ് ബോത്രെ പറഞ്ഞു.

സംസ്ഥാനത്തെ ഗ്രേറ്റര്‍ നോയിഡയിലെ ഒരു സ്വകാര്യ ലബോറട്ടറിയില്‍ പാത്തോളജിസ്റ്റായി ജോലി ചെയ്തിരുന്ന ആളാണ് മുപ്പത്തിനാലുവയസുള്ള രാകേഷ്. യുപിയിലെ പോലീസിലാണ് ഇയാളുടെ കാമുകി ജോലി ചെയ്യുന്നത്. കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് രാകേഷിനെയും കാമുകിയെയും മൂന്ന് കുടുംബാംഗങ്ങളെയും പൊലീസ് അറസ്റ്റ് ചെയ്തു.

ഇയാളുടെ പിതാവ് യു പി പോലീസ് സേനയില്‍ നിന്നും വിരമിച്ചയാളാണെന്നും കുറ്റകൃത്യത്തിന്റെ വിവിധഘട്ടങ്ങളില്‍ രാകേഷിന് കുടുംബത്തിന്റെ സഹായം ലഭിച്ചതായും പോലീസ് പറയുന്നു.
ബുധനാഴ്ചയായിരുന്നു ഗ്രേറ്റര്‍ നോയിഡയിലെ രാകേഷിന്റെ വീടിനുള്ളില്‍ നിന്ന് പോലീസുകാര്‍ മൃതദേഹാവശിഷ്ടങ്ങള്‍ പുറത്തെടുത്തത്. കുഞ്ഞുങ്ങളുടെ ചെരിപ്പ് ഉള്‍പ്പെടെയുള്ളവ മണ്ണില്‍ പുതഞ്ഞുകിടക്കുന്നത് കാണാമായിരുന്നു.

ഭാര്യയെയും കുഞ്ഞുങ്ങളെയും കൊലപ്പെടുത്തി കുറച്ചുമാസങ്ങള്‍ക്കു ശേഷമാണ് രാകേഷ് സ്വന്തം കൊലപാതക നാടകം ആവിഷ്‌കരിച്ചത്. പൊലീസിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടുക എന്നതായിരുന്നു ഇതുകൊണ്ട് രാകേഷ് ലക്ഷ്യം വെച്ചത്. രാകേഷും കാമുകിയും ചേര്‍ന്ന് രാകേഷിന്റെ ഗ്രാമവാസിയായ മറ്റൊരു യുവാവിനെ കൊലപ്പെടുത്തി. രാകേഷുമായി രൂപസാദൃശ്യമുള്ളയാളായിരുന്നു ഇത്.

കൊലപ്പെടുത്തിയ ശേഷം അയാളുടെ കഴുത്തും കൈകളും രാകേഷും കാമുകിയും ചേര്‍ന്ന് മുറിച്ചുമാറ്റി കത്തിച്ചു. മൃതദേഹത്തിന്റെ ഉടലില്‍ സ്വന്തം വസ്ത്രം ധരിപ്പിക്കുകയും തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉള്‍പ്പെടെ അതിനു സമീപം ഉപേക്ഷിക്കുകയും ചെയ്തു. രാകേഷിന്റെ മൃതദേഹമാണ് അതെന്ന് വിശ്വസിപ്പിക്കാനുള്ള നീക്കമായിരുന്നു അത്.

രാകേഷിന്റേത് എന്ന വിധത്തില്‍, തലയില്ലാത്ത മൃതദേഹം കണ്ടെത്തിയ പൊലീസ് ഡിഎന്‍ എ പരിശോധന നടത്തി. ഒരുമാസം മുന്‍പാണ് മൃതദേഹം രാകേഷിന്റേത് അല്ലെന്ന പരിശോധനാഫലം പൊലീസിന് ലഭിക്കുന്നത്. തുടര്‍ന്ന് പൊലീസ് വീണ്ടും അന്വേഷണം ആരംഭിക്കുകയായിരുന്നു.

ഇതിനിടെ ഹരിയാണയില്‍ ദിലീപ് ശര്‍മ എന്ന പേരില്‍ രാകേഷ് പുതിയ ജീവിതം ആരംഭിച്ചിരുന്നു. കിഴക്കന്‍ ഉത്തര്‍ പ്രദേശിലെ കുഷിനഗര്‍ ജില്ലയില്‍ നിന്നാണ് താന്‍ വരുന്നതെന്നായിരുന്നു ജോലി ചെയ്ത സ്ഥാപനത്തില്‍ പറഞ്ഞിരുന്നത്. പാത്തോളജിസ്റ്റായാതിനാല്‍, വിരലടയാളം ഉള്‍പ്പെടെയുള്ള തെളിവുകള്‍ എങ്ങനെ നശിപ്പിക്കണമെന്ന് രാകേഷിന് അറിവുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.