പശുവിനെ ദേശീയ മൃഗമാക്കണം; മൗലികാവകാശം നല്‍കാന്‍ പാര്‍ലമെന്റ് നിയമം പാസാക്കണമെന്ന് അലഹബാദ് ഹൈക്കോടതി

single-img
1 September 2021

രാജ്യത്തിന്റെ സംസ്‌കാരത്തിന്റെ തന്നെ ഭാഗമാണ് പശുവെന്നും അതിനാല്‍ പശുവിനെ ഭാരതത്തിന്റെ ദേശീയ മൃഗമാക്കണമെന്നും അലഹബാദ് ഹൈക്കോടതി. ഇതോടൊപ്പം തന്നെ പശുവിന് മൗലികാവകാശം നല്‍കുന്നതിന് പാര്‍ലമെന്റ് നിയമം പാസാക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു.

ഗോവധ നിരോധന നിയമം ചുമത്തി കേസെടുത്തയാള്‍ക്ക് ജാമ്യം അനുവദിക്കണം എന്നാവശ്യപ്പെട്ടുളള ഹര്‍ജിയിലാണ് ഹൈക്കോടതിയിലെ സിംഗിള്‍ ബെഞ്ച് ജഡ്ജിയായ ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവ് ഈ രീതിയിലുള്ള നിരീക്ഷണം നടത്തിയത്. ഹര്‍ജി നല്‍കിയ ജാവേദിന് ജാമ്യം നിഷേധിച്ച കോടതി പാര്‍ലമെന്റ് പശുവിന് മൗലികാവകാശങ്ങള്‍ നല്‍കുന്ന ബില്‍ പാസാക്കി പശുവിനെ ദേശീയ മൃഗമാക്കണമെന്ന് അഭിപ്രായപ്പെടുകയായിരുന്നു.

മാത്രമല്ല, പശുവിനെ ഉപദ്രവിക്കുന്നവരെ ശിക്ഷിക്കുന്ന നിയമം സര്‍ക്കാര്‍ ഉടനടി നടപ്പാക്കണമെന്നും സിംഗിള്‍ ബെഞ്ച് ആവശ്യപ്പെട്ടു. പശുക്കളെ സംരക്ഷിക്കുക എന്നത് ഒരു മതത്തിന്റെ മാത്രം പ്രവര്‍ത്തനമല്ല അത് ഇന്ത്യയുടെ മൊത്തം സംസ്‌കാരമാണെന്നും പശുവിനെ സംരക്ഷിക്കേണ്ട കടമ രാജ്യത്തെ ഓരോ പൗരനുമുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു.