താലിബാൻ അഫ്‌ഗാനിൽ ഭരണം പിടിച്ചത് പാക് ‌സഹായത്തോടെ; റിപ്പോർട്ട് പുറത്ത്

single-img
1 September 2021

അഫ്ഗാനിൽ ഇത്തവണ ജനാധിപത്യ സര്‍ക്കാരിനെ അട്ടിമറിച്ച് അധികാരം പിടിച്ചെടുക്കാൻ താലിബാന് പാകിസ്ഥാന്റെ പിന്തുണ ഉണ്ടായിരുന്നു എന്ന് തെളിയിക്കുന്ന റിപ്പോർട്ട് പുറത്ത്. താലിബാന് പിന്തുണയുമായി പാകിസ്ഥാൻ ഭീകരവാദികളുടെ വലിയ സംഘം അഫ്ഗാനിസ്താനില്‍ എത്തിയിട്ടുണ്ടെന്ന് അഫ്ഗാന്‍ മുൻപ്രസിഡന്റ് അഷ്‌റഫ് ഘനി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെ നേരത്തെ തന്നെ അറിയിച്ചിരുന്നു എന്ന് വിവിധ വാർത്താഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.

ഇത്തരത്തില്‍ ഏകദേശം 10,000 മുതല്‍ 15,000 വരെ പാകിസ്താന്‍ ഭീകരവാദികള്‍ അഫ്ഗാനില്‍ എത്തിയിട്ടുള്ളതായി കഴിഞ്ഞ ജൂലായ് 23-ന് ഇരു രാഷ്ട്രത്തലവന്‍മാരും തമ്മില്‍ നടന്ന ടെലിഫോണ്‍ സംഭാഷണത്തില്‍ പറഞ്ഞിരുന്നു. താലിബാന്‍ അഫ്ഗാന്‍ തലസ്ഥാനമായ കാബൂള്‍ പിടിച്ചടക്കുന്നതിന് ആഴ്ചകള്‍ക്കു മുമ്പായിരുന്നു ഈ സംഭാഷണം നടന്നത്.

താലിബാന്‍ നയിക്കുന്ന പൂര്‍ണതോതിലുള്ള അധിനിവേശമാണ് ഇപ്പോള്‍ അഫ്ഗാന്‍ അഭിമുഖീകരിക്കുന്നത് എന്ന് ഘനി യുഎസ്‌ പ്രസിഡന്റ് ബൈഡനെ അറിയിച്ചിരുന്നു. പാകിസ്ഥാനില്‍ നിന്നുള്ള ആസൂത്രണത്തിലും ആയുധ ബലത്തിലുമാണ് ഇത് നടക്കുന്നതെന്നും പാകിസ്ഥാനികളടക്കം പതിനായിരം മുതല്‍ പതിനയ്യായിരംവരെ അന്താരാഷ്ട്ര തീവ്രവാദികള്‍ ഇതില്‍ ഉള്‍പ്പെടുന്നതായും 14 മിനിട്ട് നീണ്ടുനിന്ന സംഭാഷണത്തില്‍ ഗനി അറിയിച്ചതായി റിപ്പോര്‍ട്ട് പറയുന്നു.