താലിബാന്റെ അഭ്യര്‍ത്ഥന; ദോഹയില്‍ താലിബാനുമായി ചര്‍ച്ച നടത്തി ഇന്ത്യ

single-img
31 August 2021

അഫ്‌ഗാനിൽ ഭാരം പിടിച്ച താലിബാനുമായി ഇതാദ്യമായി ദോഹയില്‍ വെച്ച് ചര്‍ച്ച നടത്തി ഇന്ത്യ. താലിബാന്റെ അഭ്യര്‍ത്ഥന പ്രകാരം ദോഹയിലെ ഇന്ത്യന്‍ എംബസിയിലായിരുന്നു ചര്‍ച്ച. ഇന്ത്യയുടെ ഖത്തറിലെ ഇന്ത്യന്‍ പ്രതിനിധി ദീപക് മീത്തല്‍ താലിബാന്‍ പൊളിറ്റിക്കല്‍ ഓഫീസ് മേധാവി ഷേര്‍ മുഹമ്മദ് അബ്ബാസുമായിട്ടാണ് ചര്‍ച്ച നടത്തിയതെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ പത്രക്കുറിപ്പില്‍ പറഞ്ഞു.

ചര്‍ച്ചയിൽ പ്രധാനമായും അഫ്ഗാന്‍ പ്രദേശങ്ങള്‍ ഭീകരര്‍ ഉപയോഗിക്കുന്നതില്‍ ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചു. ഇത് ഉൾപ്പെടെയുള്ള വിഷയങ്ങൾ ക്രിയാത്മകമായി പരിശോധിക്കുമെന്ന് ഷേര്‍ മുഹമ്മദ് അബ്ബാസ് ഉറപ്പുനല്‍കിയതായാണ് വിവരം. ഇതോടൊപ്പം തന്നെ അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷ, അവരെ തിരിച്ചെത്തിക്കുന്നത് തുടങ്ങിയവ ചര്‍ച്ചയുടെ ഭാഗമായതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു.