സർവകലാശാലാ ലയനത്തിനെതിരെ പ്രതിഷേധം; തമിഴ്‌നാട്ടിൽ പനീർശെൽവം ഉൾപ്പെടെയുള്ള എഐഎഡിഎംകെ എംഎൽഎമാർ അറസ്റ്റിൽ

single-img
31 August 2021

ഡോ. ജയലളിത സർവകലാശാലയെ അണ്ണാമലൈ സർവകലാശാലയില്‍ ലയിപ്പിക്കാനുള്ള ഡിഎംകെ സർക്കാരിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് ബജറ്റ് സമ്മേളനം നടക്കുന്ന കലൈവനാർ അരംഗത്തിനു പുറത്ത് പ്രതിഷേധം സംഘടിപ്പിച്ച നടപടിയിൽ തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ഒ പന്നീർശെൽവം അടക്കമുള്ള എഐഎഡിഎംകെ എംഎൽഎമാർ അറസ്റ്റിൽ.

ഇന്ന് നിയമസഭയിൽ സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രി കെ പൊൻമുടിയാണ് തമിഴ്‌നാട് സർവകലാശാല നിയമഭേദഗതി ബിൽ അവതരിപ്പിച്ചത്. 2013ലെ അണ്ണാമലൈ സർവകലാശാല നിയമം, 1981ലെ ഭാരതിയാർ സർവകലാശാല നിയമം എന്നിവ ഭേദഗതി ചെയ്യുകയും 2021ലെ ഡോ. ജെ ജയലളിത സർവകലാശാല നിയമം റദ്ദാക്കുകയും ചെയ്തുകൊണ്ടുള്ള ബില്ലായിരുന്നു ഇത്.

പുതിയ നിയമ പ്രകാരം ജയലളിത സർവകലാശാലയെ അണ്ണാമല സർവകലാശാലയ്ക്കു കീഴിലുള്ള അഫിലിയേറ്റഡ് സ്ഥാപനമാക്കുകയും ചെയ്തു. അതേസമയം എഐഎഡിഎംകെ എംഎൽഎമാർ സഭയിൽബില്ലിൽ പ്രതിഷേധമുയർത്തി. തുടർന്ന് ബില്ലിനുമേലുള്ള ചർച്ചയിൽ ഓരോരുത്തർക്കും തങ്ങളുടെ അഭിപ്രായങ്ങളും എതിർപ്പുകളും രേഖപ്പെടുത്താമെന്നും സ്പീക്കർ അറിയിച്ചെങ്കിലുംസഭയിൽ നിന്നും വാക്കൗട്ട് നടത്തിയ എംഎല്‍എമാര്‍ വല്ലജ റോഡിലുള്ള കലൈവനാർ അരംഗം ഓഡിറ്റോറിയത്തിനു പുറത്ത് സംസ്ഥാന സർക്കാരിനെതിരെ പ്രതിഷേധം ആരംഭിക്കുകയായിരുന്നു.