പാരാലിമ്പിക്സ്‌: ജാവലിന്‍ ത്രോയില്‍ ലോക റെക്കോര്‍ഡോടെ ഇന്ത്യയ്ക്ക് സ്വര്‍ണ്ണം

single-img
30 August 2021

ജപ്പാനിലെ ടോക്യോയിൽ നടന്നുകൊണ്ടിരിക്കുന്ന പാരാലിമ്പിക്സില്‍ ജാവലിന്‍ ത്രോ ഫൈനലില്‍ ലോക റെക്കോര്‍ഡോട് കൂടി സ്വര്‍ണ മെഡല്‍ നേടി ഇന്ത്യന്‍ ജാവലിന്‍ താരം സുമിത് അന്റില്‍. പുരുഷ വിഭാഗം ജാവലിന്‍ ത്രോയിന്‍ എഫ് 64 വിഭാഗത്തിലാണ് സുമിത് സ്വര്‍ണം നേടിയത്.

ഓസ്ട്രേലിഎയുടെ താരം മൈക്കല്‍ ബുറിയാന്‍ വെള്ളിയും ശ്രീലങ്കയുടെ ദുലാന്‍ കോടിത്തുവാക്കു വെങ്കലവും നേടി. ഇന്ത്യയിലെ ഹരിയാനയിൽ സോനീപഥ് സ്വദേശിയായ 23 കാരനായ സുമിതിന് 2015 ല്‍ ഒരു മോട്ടോര്‍ ബൈക്ക് അപകടത്തില്‍ പെട്ട് ഇടതുകാല്‍ മുട്ടിന് താഴേക്കുള്ള ഭാഗം നഷ്ടപ്പെട്ടിരുന്നു.

ഇന്ന് നടന്ന ഫൈനലില്‍ മൂന്ന് തവണയാണ് സുമിത് ലോക റെക്കോര്‍ഡ് ഭേദിച്ചത്.ഒടുവിൽ 68.55 മീറ്റര്‍ എറിഞ്ഞായിരുന്നു സുമിത് മെഡല്‍ കരസ്ഥമാക്കിയത്. ഫൈനലിലെ ആദ്യ ശ്രമത്തില്‍ തന്നെ 66.95 മീറ്റര്‍ എറിഞ്ഞ് സുമിത് പുതിയ ലോക റെക്കോര്‍ഡ് സൃഷ്ടിച്ചു. രണ്ടാം ശ്രമത്തില്‍ 68.08 മീറ്റര്‍ ദൂരം കടത്തി വീണ്ടും റെക്കോര്‍ഡ് തിരുത്തി. തുടര്‍ന്ന് അഞ്ചാം ശ്രമത്തില്‍ മിനിറ്റുകള്‍ക്ക് മുമ്പ് താന്‍ സൃഷ്ടിച്ച റെക്കോര്‍ഡെല്ലാം ഭേദിച്ച് 68.55 മീറ്റര്‍ ദൂരമെറിഞ്ഞ് സുമിത് പുതിയ ലോക റെക്കോര്‍ഡ് ഉറപ്പാക്കി.

സുമിത് സ്വതമാക്കിയ നേട്ടത്തോടെ ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം ഇന്നത്തതോടെ ഏഴായി ഉയര്‍ന്നു. ഇന്ന് ഒറ്റ ദിവസം മാത്രം രണ്ട് സ്വര്‍ണവും രണ്ട് വെള്ളിയും ഒരു വെങ്കലവുമാണ് ഇന്ത്യ നേടിയത്.