കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് എതിരായി പ്രചാരണത്തിന് നേതൃത്വം നൽകിയയാൾ കോവിഡ് ബാധിച്ച് മരിച്ചു

single-img
30 August 2021

അമേരിക്കയിൽ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് എതിരായി പ്രചാരണത്തിന് നേതൃത്വം നൽകിയയാൾ കോവിഡ് ബാധിച്ച് മരിച്ചു. ജനങ്ങൾ മാസ്ക് ധരിക്കുന്നതിനും മറ്റ് പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതിനുമെതിരെ യുഎസിലെ സെൻട്രൽ ടെക്സസിൽ പ്രചാരണത്തിന് നേതൃത്വം നൽകിയ കാലേബ് വാലസ്അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച് ഒരു മാസത്തിന് ശേഷമാണ് മരണപ്പെട്ടത് .

സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റെ ഭാര്യയായ ജെസീക്ക വാലസ് ആണ് GoFundMe എന്ന പേജിലൂടെ കാലേബ് വാലസിന്റെ മരണ വാർത്ത പങ്കുവെച്ചത്. നേരത്തെ അതെ പേജിൽ തന്നെ അദ്ദേഹത്തിന്റെ അവസ്ഥയെക്കുറിച്ചുള്ള അപ്‌ഡേറ്റുകൾ അവർ കൃത്യമായി പോസ്റ്റ് ചെയ്തിരുന്നു.

വെറും 30 വയസ്സായിരുന്നു കാലേബ് വാലസിന്റെ പ്രായം. മൂന്ന് കുട്ടികളുടെ പിതാവായിരുന്നു ഇദ്ദേഹം. ഭാര്യ ഇപ്പോൾ നാലാമത് ഗർഭിണിയാണ്. “കാലേബ് സമാധാനപരമായി കടന്നുപോയി. അവൻ നമ്മുടെ ഹൃദയത്തിലും മനസ്സിലും എന്നേക്കും ജീവിക്കും” ഭാര്യ ജെസീക്ക വാലസ് കുറിച്ചു.

കഴിഞ്ഞ വർഷം ജൂലൈ 4ന്, യുഎസിലെ സാൻ ആഞ്ചലോയിൽ “ഫ്രീഡം റാലി” സംഘടിപ്പിക്കാൻ കാലേബ് വാലസാണ് മുൻകൈ എടുത്തത്. ഇവിടെ അദ്ദേഹം ആളുകൾ മാസ്ക് ധരിക്കുന്നതിനെയും ബിസിനസ്സ് സ്ഥാപനങ്ങൾ അടച്ചുപൂട്ടുന്നതിനെയും മറ്റും രൂക്ഷമായി വിമർശിച്ചിരുന്നു.