അഫ്ഗാനില്‍ രാഷ്ട്രീയ സാഹചര്യങ്ങള്‍ മാറി; താലിബാനുമായി ബന്ധം സ്ഥാപിക്കണമെന്ന് അമേരിക്കയോട് ചൈന

single-img
30 August 2021

മുന്‍പ് ഉണ്ടായിരുന്നതില്‍ നിന്നും വിത്യസ്തമായി അഫ്ഗാനില്‍ ഇപ്പോള്‍ രാഷ്ട്രീയ സാഹചര്യങ്ങള്‍ മാറിയിട്ടുണ്ടെന്നും എല്ലാവരും താലിബാനുമായി ബന്ധം സ്ഥാപിക്കണമെന്നും അമേരിക്കയോട് ചൈന ആവശ്യപ്പെട്ടു.

അതേസമയം, അമേരിക്കന്‍ സഖ്യം അഫ്ഗാനിസ്ഥാനില്‍ നിന്ന് പൂര്‍ണമായും സൈന്യത്തെ പിന്‍വലിക്കുന്നത് തീവ്രവാദ ഗ്രൂപ്പുകളുടെ പുനരുജ്ജീവനത്തിന് അവസരം നല്‍കുമെന്നും ചൈന അഭിപ്രായപ്പെട്ടു. ചൈനയുടെ വിദേശകാര്യ മന്ത്രിയായ വാങ് യി യു എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണുമായി ടെലിഫോണില്‍ സംസാരിക്കവെയാണ് താലിബാനുമായി ബന്ധം സ്ഥാപിക്കുന്നതിനെക്കുറിച്ച് സംസാരിച്ചത്.

അഫ്ഗാനിസ്ഥാനില്‍ നിന്ന് ഇപ്പോള്‍ ബാക്കിയുള്ള അമേരിക്കന്‍ സേനയുട പിന്‍മാറ്റത്തിനുള്ള സമയ പരിധി ഈ മാസം 31 ന് അവസാനിക്കാനിരിക്കെ അവിടുത്തെ സ്ഥിതിഗതികളും ഒഴിപ്പിക്കലും സംബന്ധിച്ചാണ് ഇരു രാജ്യങ്ങളും ചര്‍ച്ച ചെയ്തതെന്ന് ചൈനീസ് ന്യൂസ് ഏജന്‍സിയായ സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു.

അമേരിക്ക ഉള്‍പ്പെടെയുള്ള ലോക രാജ്യങ്ങള്‍ അന്താരാഷ്ട്ര സമൂഹവുമായി ചേര്‍ന്ന് അഫ്ഗാന് അടിയന്തര സാമ്പത്തിക, ഉപജീവന സഹായങ്ങളും നല്‍കേണ്ടതുണ്ടെന്നും അഫ്ഗാനിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ രാഷ്ട്രീയ ഘടന നിലനിര്‍ത്തുന്നതിനായും സാമൂഹ്യ സുരക്ഷ, സ്ഥിരത എന്നിവ കൊണ്ടു വരുന്നതിനും കറന്‍സിയുടെ മൂല്യതകര്‍ച്ച കുറയ്ക്കുന്നതിനും സമാധാനപരമായ ഒരു സാഹചര്യം ഉണ്ടാക്കിയെടുക്കുന്നതിനും ഇടപെടേണ്ടതുണ്ടെന്നും വാങ് പറഞ്ഞു.