ഇസ്ലാം സംഗീതത്തിന് എതിര്; അഫ്ഗാനിലെ പ്രശസ്ത നാടോടി ഗായകനെ കൊലപ്പെടുത്തി താലിബാന്‍

single-img
29 August 2021

ഇസ്ലാം സംഗീതത്തിന് എതിരാണ് എന്ന പ്രഖ്യാപനത്തിന് പിന്നാലെ അഫ്ഗാനിലെ പ്രാദേശിക ഗായകനായ ഫവാദ് അന്ദരാബിയെ കൊലപ്പെടുത്തി താലിബാന്‍ ഭരണകൂടം . താലിബാനെതിരെ ഇപ്പോഴും പൊരുതുന്ന പഞ്ച്ഷീര്‍ താഴ്വരയുടെ അടുത്തുള്ള അന്ദറാബ് ഗ്രാമത്തിലെ പ്രശസ്ത നാടോടി ഗായകനായിരുന്നു ഫവാദ്. അദ്ദേഹത്തെ വീട്ടില്‍ നിന്ന് വലിച്ചിഴച്ച് പുറത്തു കൊണ്ടുവന്ന് വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് അഫ്ഗാന്‍ മുന്‍ ആഭ്യന്തര മന്ത്രി മസൂദ് അന്ദറാബി ട്വിറ്ററില്‍ എഴുതി.

അഫ്ഗാനില്‍ ഭരണം പിടിച്ചെടുത്ത താലിബാന്‍ സംഗീതം നിരോധിച്ച് ഏതാനും ദിവസങ്ങള്‍ക്കകമാണ് ഗായകനെ കൊലപ്പെടുത്തിയത് . നേരത്തെയും താലിബാന്‍ ഭരിച്ച സമയത്ത് നിരവധി സംഗീതജ്ഞരെ ഉപദ്രവിക്കുകയും കൊന്നൊടുക്കുകയും ചെയ്തിരുന്നു.

അതേപോലെ തന്നെ ഈ മാസം ആദ്യം അഫ്ഗാന്‍ കവിയും ചരിത്രകാരനുമായ അബ്ദുള്ള അതേഫിയെയും താലിബാന്‍ ഭീകരര്‍ വീട്ടില്‍ നിന്ന് വിളിച്ചിറക്കി വെടിവച്ചു കൊന്നിരുന്നു. അഫ്ഗാനിസ്ഥാനിലെ ജനപ്രിയ ഹാസ്യതാരത്തെയും താലിബാന്‍ ഭീകരര്‍ കൊലപ്പെടുത്തിയിരുന്നു. ഹാസ്യ നടന്‍ ഖാഷയെന്ന് വിളിക്കുന്ന നാസര്‍ മുഹമ്മദിനെയാണ് തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്.